തൃശൂര്‍ : തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.അരുണയ്ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വ്രണത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അവിടുത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ ആയ ഡോക്ടറെയും രണ്ട് ഹെഡ് നേഴ്സ്മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇനി മുതല്‍ കേരളത്തിലെ ഒരു ആശുപത്രിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുളള നടപടികളാണ് വേണ്ടത്. എന്നാല്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കുക എന്നു മാത്രമേ ഇപ്പോളുണ്ടായ നടപടിയെ വിശേഷിപ്പിക്കാന്‍ പറ്റൂ.
മെഡി.കോളേജുകളിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെയും കാര്യങ്ങള്‍ എങ്ങനെ നടന്നു പോകുന്നു എന്ന് ഒട്ടും ആലോചിക്കാതെയുള്ള അപക്വമായ നിലപാടാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് 15 നോഡല്‍ ഓഫീസര്‍മാര്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്.
മെഡി.കോളേജുകളില്‍ സാധാരണ രോഗികളുടെ ചികില്‍സയ്ക്ക് പുറമെയുള്ള കാര്യങ്ങള്‍ നോക്കുന്നത് കൂട്ടിരിപ്പുകാരാണ്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരും നഴ്സിങ്ങ് അസിസ്റ്റന്റ്മാരും ക്ലീനിംഗ് സ്റ്റാഫും ഇല്ല എന്നത് പല തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപനത്തോടൊപ്പം കോവിഡ് രോഗികളുടെ ചികില്‍സ , നോണ്‍ കോവിഡ് രോഗികളുടെ ചികില്‍സ തുടങ്ങി എത്രയോ അധിക ജോലി ബാധ്യത വന്നു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഡോക്ടര്‍മാരും ജീവനക്കാരും പി പി ഇ കിറ്റ് ധരിക്കുന്നതിനാല്‍ ആശയ വിനിമയത്തിലും , കാര്യങ്ങള്‍ ചെയ്യുന്നതിലും കടുത്ത പ്രതിബന്ധങ്ങള്‍ ഉണ്ടായി. ജീവനക്കാര്‍ പലരും ക്വാറന്റൈനിലും ഐസൊലേഷനിലുമായി . അതോടൊപ്പം 8 മാസങ്ങളോളമായുള്ള കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. മറ്റു സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക ശമ്പളം വാഗ്ദാനം ചെയ്തപ്പോള്‍ ഇവിടെ ശമ്പളം പിടിച്ചു വെക്കുകയാണ്.
യഥാര്‍ത്ഥ പ്രശ്നങ്ങളെ നോക്കിക്കാണാതെ പൊതുബോധത്തെ തല്ക്കാലം തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഈ തീരുമാനത്തെ കാണാന്‍ പറ്റൂ. സസ്പെന്ഷന് ഓര്‍ഡര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: