ബത്തേരി: നെന്മേനിയിലെ താഴത്തൂര്‍ പാടിയേരി കോളനിയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കോളനി നിവാസികള്‍ ദുരിതത്തിലായിരിക്കുന്നത്. സമ്പൂര്‍ണ്ണ വെളിയിട മുക്തം എന്നവകാശപ്പെടുന്നപഞ്ചായത്താണ് നെന്മേനി.
1989ല്‍ പുനരധിവാസ പദ്ധതി പ്രകാരമാണ് ഇവിടെ മുപ്പതോളം കുടുംബങ്ങളെ കുടിയിരുത്തിയത്. ഇപ്പോള്‍ 19 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും, പത്ത് ജനറല്‍ കുടുംബങ്ങളുമാണ് പാടിയേരി കോളനിയില്‍ താമസിക്കുന്നത്. കാലപ്പഴക്കത്താല്‍ ഇവിടുത്തെ വീടുകള്‍ പലതും ചോര്‍ന്നൊലിക്കുകയാണ്. ഭിത്തികള്‍ക്ക് വിള്ളലുകളുണ്ട്. ബലക്ഷയത്തിലുമുള്ള വീടുകള്‍ക്കു മുകളില്‍ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയാണ് മിക്ക കുടുംബങ്ങളും അന്തിയുറങ്ങുന്നത്.
ശൗചാലയങ്ങളില്ലാത്തതും ഇവര്‍ക്ക് വലിയ ദുരിതമാണ്. ശൗചാല നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റേതടക്കം നിരവധി പദ്ധതികളുണ്ടായിട്ടും ഈ കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല എന്നത് ഖേദകരമാണ്. സര്‍ക്കാര്‍ തന്നെ പുനരധിവസിപ്പിച്ച ഈ കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയവും ലഭിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു ഇവര്‍ പട്ടയം ലഭിക്കാതെ ജീവിക്കുന്നു. ജില്ലാ ഭരണകൂടം ഇടപെട്ട് തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി കാണണമെന്നാണ് ഈ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: