കൊച്ചി: രാഷ്ട്രീയ ധ്രുവീകരണം തെരഞ്ഞെടുപ്പിനു മുമ്പ് പതിവാണെങ്കിലും വര്‍ഗീയ രാഷ്ട്രീയ ധ്രുവീകരണത്തിന് പരസ്യമായി പ്രമുഖ പാര്‍ട്ടികള്‍ ഇറങ്ങുന്നത് കേരളത്തില്‍ അസാധാരണമാണ്. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിംലീഗിന് മേല്‍ക്കൈയുള്ള സര്‍ക്കാര്‍ വരുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുന്നറിയിപ്പു നല്കുന്നു. ഖുറാന് വിവാദത്തിലായ മന്ത്രി കെ.ടി. ജലീലിനെതിരേ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് കണ്‍വീനറായ ബെന്നി ബഹ്നാന് എന്ന കോണ്‍ഗ്രസ് നേതാവ് രാജിവെക്കുന്നു. ഒരേ സമയം പ്രീണിപ്പിച്ചും പേടിപ്പിച്ചും പ്രമുഖ പാര്‍ട്ടികള്‍ സംസ്ഥാന രാഷ്ട്രീയത്തെ വര്‍ഗീയധ്രുവീകരണത്തിന്റെ പരമാവധിയിലേക്ക് എത്തിക്കുകയാണ്.
മുസ്ലിം ലീഗിനെക്കുറിച്ചും ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവ് പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയ്ക്കല്ല. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടിയുമല്ല. മറിച്ച് മുസ്ലിം എന്ന മത അടയാളങ്ങളാണ് കോടിയേരി ബാലകൃഷ്ണന് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതുവഴി, ഒടുവില്‍ നാലര വര്‍ഷത്തെ ഭരണകാലത്തും ആ പാര്‍ട്ടി നടത്തിയ പക്ഷപാത രാഷ്ട്രീയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകന്ന ഒരു വലിയ വിഭാഗം വോട്ടര്‍മാരെ തിരികെ പിടിക്കാനാണ് ശ്രമം. മറ്റൊരു രാഷ്ട്രീയ കബളിപ്പിക്കല്‍കൂടി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ചത്ത കുതിരിയെന്ന് ജവഹര്‍ലാല്‍ നെഹ്റു ആക്ഷേപിച്ച് തള്ളിയ മുസ്ലിം ലീഗിനെ മുന്നണിയില്‍ കയറ്റി മാന്യത നല്കി വളര്‍ത്തി വലുതാക്കിയത് ഇഎംഎസാണ്. നമ്പൂതിരിപ്പാട് ഇടതു മുന്നണിക്ക് മുതലാക്കിയ ലീഗിന് ഭരണത്തില്‍ മേല്‍ക്കൈ കിട്ടുമെന്ന് ഭയപ്പെടുത്തേണ്ട സ്ഥിതിയാണ്. മുസ്ലിം സമുദായത്തില്‍ ഒരു ചെറുപക്ഷം മാത്രമാണിപ്പോള്‍ ഇടതിനൊപ്പം. പക്ഷേ, അവര്‍ കാല് പിടിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കാത്ത മുസ്ലിം സംഘടനകളില്ല. അവരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണവും സഹായവും നല്കുന്നവരുണ്ട്. പിഡിപിയും എസ്ഡിപിഐയും എന്‍ഡിഎഫും ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും അടക്കം സമസ്തരുമുണ്ട്.
ബിജെപി വരുന്നുവെന്നും നാടുവിട്ടു പോകേണ്ടിവരുമെന്നും നുണ പ്രചരിപ്പിച്ച് ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ സിപിഎം ശ്രമിച്ചത്. അത് ഫലിച്ചെങ്കിലും നുണയാണെന്ന് പറ്റിക്കപ്പെട്ടവര്‍ തിരിച്ചറിഞ്ഞു. അതോടെയാണ് മുസ്ലിം രാഷ്ട്രീയ മേല്‍ക്കോയ്മ വരുന്നുവെന്ന പേടിപ്പിക്കല്. പക്ഷേ, ശബരിമല വിഷയം മുതല്‍ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള ഭരണകാല അഴിമതികളില്‍ കാര്യങ്ങള്‍ പഠിച്ച വോട്ടര്‍മാരെ കബളിപ്പിക്കാനാവില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
യുഡിഎഫും മതേതര രാഷ്ട്രീയം പറയുകയും വര്‍ഗീയത കാണിക്കുകയുമാണ്. ബെന്നി ബെഹ്നാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. മുന്‍ കെപിസിസി പ്രസിഡന്റിന് വഴിയാരുക്കാനാണെന്നാണ് വാദം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരു മത വിഭാഗത്തില്‍നിന്നാണ്.
മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല കോപ്പിട്ടിരിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. ലീഗിന്റെ മേല്‍ക്കൈ എന്ന സിപിഎം ഭീഷണിയെ ചെറുക്കാന്‍ ചില പൊടിക്കൈകള്‍ വേണം. കെ.എം. മാണിയുടെ മകന് ജോസ് മാണിയുടെ പോക്കിനെ ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് ബാലന്‍സ് ചെയ്യണം. മുരളിയുടെ രാജി സംഘടനയില്‍ ബാധിക്കുന്ന വലിയ കാര്യമല്ലെങ്കിലും ചില സൂചനകളാണ്. മുരളി അത് പറയാതെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എ.കെ. ആന്റണിക്ക് കേരള കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരമൊരുക്കല്‍കൂടിയാണിപ്പോള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടി- ബെന്നി പിണക്കമടക്കം വാര്‍ത്തകള്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ മാത്രമാണ്.
സിപിഎം സംസ്ഥാന യോഗം കഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് വെളിപ്പെടുത്തിയ വര്‍ഗീയ രാഷ്ട്രീയ ഭീഷണിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊന്നുണ്ട്. ക്രിസ്തീയ സമുദായത്തിനുള്ളതായിരുന്നു ആ മുന്നറിയിപ്പ്. അത് ഹാഗിയ സോഫിയപള്ളിയെക്കുറിച്ചായിരുന്നു-തുര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളി ആദ്യം മുസ്ലിം മോസ്ക് ആക്കിയതും പിന്നീട് പുരാവസ്തു മ്യൂസിയം ആക്കാന്‍ തീരുമാനിച്ചതുമാണ് ഓര്‍മിപ്പിച്ചത്. മുസ്ലിം മേല്‍ക്കൈ ഉള്ള ഭരണം വന്നാല്‍ സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന ഭീഷണി. ഇടതുപക്ഷ ഭരണത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്ക് തെരുവില്‍ തമ്മില്‍ തല്ലേണ്ട സ്ഥിതി ഉള്ളപ്പോഴാണ് ഈ രാഷ്ട്രീയക്കളി.
എന്നാല്‍, മതേതര രാഷ്ട്രീയം പറയുന്നവരുടെ ഈ വര്‍ഗീയ രാഷ്ട്രീയക്കല്‍ കൂടുതല്‍ വോട്ടര്‍മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുകയേ ഉള്ളുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: