തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത. തിരുവല്ലം പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേരയില്‍ വീട്ടില്‍ പരേതനായ അശോകന്റെ മകന് ഉണ്ണികൃഷ്ണന് (25) ആണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.
ശിവഗംഗ എന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങായിരുന്നു വ്യാഴാഴ്ച. ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന ചിഞ്ജുവിന്റെ വീട്ടില്‍ വച്ചായിരുന്നു നൂലുകെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂര്‍ താമസിക്കുന്ന തന്റെ മാതാവിനെ കുട്ടിയെ കാണിക്കാന്‍ എന്ന വ്യാജേനയാണ് ശിവഗംഗയെയും ചിഞ്ജുവിനെയും കൊണ്ട് ഉണ്ണിക്യഷ്ണന് അവിടെ നിന്നും യാത്ര തിരിച്ചത്.
ചിഞ്ജുവും ശിവഗംഗയും ഓട്ടോയിലും ഉണ്ണികൃഷ്ണന് ബൈക്കിലുമായിരുന്നു വൈകിട്ടോടെ യാത്ര തിരിച്ചത്. തിരുവല്ലത്തിന് സമീപം വച്ച് കുട്ടിയെയും വാങ്ങി ഉണ്ണികൃഷ്ണന് പോയി. സമയം വൈകിയിട്ടും കുട്ടിയെയും ഉണ്ണികൃഷ്ണനെയും കാണാതായതോടെ ചിഞ്ജു ഉണ്ണികൃഷ്ണന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഭാര്യ വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നും ഹൈവേയുടെ ഭാഗത്തു കുട്ടിയെ ഉപേക്ഷിച്ചതായും പറഞ്ഞത്. ഇതോടെ ചിഞ്ജു രാത്രി ഒന്‍പത് മണിയോടെ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടു.
ഉണ്ണികൃഷ്ണന് രാത്രി ഏഴ് മണിയോടെ ആറ്റില്‍ നിന്നും കയറി വരുന്നത് ആറിന് സമീപം താമസിക്കുന്ന രാജന് കണ്ടിരുന്നു. ഉണ്ണികൃഷ്ണനെ കണ്ട കാര്യം രാജന് പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് ഉണ്ണികൃഷ്ണനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞ് കൈയില്‍ നിന്നും ആറ്റില്‍ വഴുതി വീണെന്നായിരുന്നു ആദ്യം നല്കിയ മൊഴി. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പോലീസും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നു കണ്ടെത്തി.
ചിഞ്ജുവിന്റെ രണ്ടാം വിവാഹവും ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവുമാണിത്. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് മുന്‍പ് പരാതി നല്‍കിയിരുന്നുവെന്ന് ചിഞ്ജുവിന്റെ അമ്മ ചന്ദ്രിക പറയുന്നു. ചിഞ്ജുവിന്റെ ആദ്യ വിവാഹത്തില്‍ ആറു വയസ്സായ ഒരു പെണ്‍കുട്ടിയുണ്ട്. വയറിംഗ് തൊഴിലാളിയാണ് ഉണ്ണിക്യഷ്ണന്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: