തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയുടെ അന്വേഷണം സിബിഐ വേഗത്തിലാക്കിയതോടെ കേസ് സംബന്ധിച്ച രേഖകളെല്ലാം കസ്റ്റഡിയിലെടുത്ത് വിജിലന്‍സ് അന്വേഷണ സംഘം. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നല്‍കിയത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ആയിരുന്നു. കേസില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നതോടെ മുഖം രക്ഷിക്കുന്നതിനായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതാണ്. എന്നാല്‍ സിബിഐയും പിടിമുറുക്കിയതോടെ വിജിലന്‍സ് വേഗത്തില്‍ രേഖകളെല്ലാം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ സെക്രട്ടറിയേറ്റിലെത്തിയ വിജിലന്‍സ് അന്വേഷണ സംഘം തദ്ദേശ സ്വയംഭരണ വകുപ്പില്‍ പരിശോധന നടത്തിയതിനു ശേഷമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.
കേസ് എറ്റെടുത്തതിന് പിന്നാലെ തൃശൂരിലും എറണാകുളത്തുമുള്ള യൂണിടാക് ബില്‍ഡേഴ്സ് ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്, സെയ്ന് വെഞ്ച്വേഴ്സ് എന്നിവരെ കൂടാതെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട പല ഉന്നതര്ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തു തന്നെ തിരുവനന്തപുരത്തെ ലൈഫ് മിഷന് ഓഫീസിലും അന്വേഷണ ഏജന്‍സി പരിശോധന നടത്താനിരിക്കേയാണ് ഫയലുകള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അതേസമയം ലൈഫ് മിഷന് സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന സിബിഐ നിരീക്ഷണം പുറത്ത്. സര്‍ക്കാര്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദമില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കുകയായിരുന്നു. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണിമടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സര്‍ക്കാരിനാണ്.
സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാര്‍ശ. ലൈഫ് മിഷന് ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: