മലയാള ഭാഷയെയും മലയാളികളെയും ഏറെ ഇഷ്ടമായിരുന്നു എസ്പിബിക്ക്. യേശുദാസിനോടും ചിത്രയോടും മാനസികമായ അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചു. 125 ഓളം മലയാളം പാട്ടുകള്‍ അദ്ദേഹം പാടി. 1969ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതം നല്‍കിയ ”ഈ കടലും മറുകടലും..” എന്ന ഗാനം പാടിയായിരുന്നു തുടക്കം. ചിത്രവും പാട്ടും ഹിറ്റായി. 2018വരെ നിരവധി പാട്ടുകള്‍. 2018ല്‍ ‘കിണര്‍’ എന്ന ചിത്രത്തിനായാണ് പാടിയത്. മലയാളി മറക്കാത്ത നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യത്തിലൂടെ അനുഭവിക്കാനായി. ശങ്കരാഭരണം തരംഗമായപ്പോള്‍ എസ്ബിയും താരമാകുകയായിരുന്നല്ലോ. അദ്ദേഹത്തോടുള്ള ആരാധന മലയാളിക്കും ഏറിയത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെയാണ്. കമലഹാസന്‍ ചിത്രം സാഗരസംഗമം കേരളത്തില്‍ ഹിറ്റായപ്പോഴും എസ്പിബിയെമലയാളം അകമഴിഞ്ഞ് സ്‌നേഹിച്ചു.
1989ല്‍ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ‘കളിക്കളം ഇത് കളിക്കളം…’ എന്ന പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ആ പാട്ടില്ലാതെ ആ സിനിമ സങ്കല്പിക്കാനാകില്ല. എന്നും മലയാളികളുടെ ചുണ്ടിലെ ഈണമാണ് ‘താരാപഥം ചേതോഹരം…’ എന്ന പാട്ട്. അനശ്വരം എന്ന ചിത്രത്തിനായി പി.കെ. ഗോപി എഴുതി ഇളയരാജ സംഗീതം നല്‍കിയ ഗാനം എസ്പിബി പാടിയ മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ആസ്വാദകരേറെ ഇഷ്ടപ്പെടുന്നതാണ്. സര്‍പ്പം എന്ന ചിത്രത്തിനായി കെ.ജെ ജോയി സംഗീതം നല്‍കി ബിച്ചുതിരുമല എഴുതിയ ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ…’ എന്ന ഗാനം യേശുദാസിനും സുശീലയ്‌ക്കും വാണിജയറാമിനുമൊപ്പമാണ് എസ്പിബി പാടിയത്.
തുഷാരത്തിലെ ‘മഞ്ഞേവാ മധുവിധു വേള…’, പട്ടാളം ജാനകിയില്‍ പി.ജയചന്ദ്രനൊപ്പം പാടിയ ‘മേലേ മാനത്തിലെ…’, കിലുക്കത്തില്‍ ചിത്രയ്‌ക്കും എം.ജി.ശ്രീകുമാറിനുമൊപ്പം പാടിയ ‘ഊട്ടിപ്പട്ടണം…’, വാര്‍ദ്ധക്യ പുരാണത്തിലെ ‘വല്ലാത്തൊരു യോഗം…’, ദോസ്തില്‍ ബിജുനാരായണനൊപ്പം പാടിയ ‘വാനം പോലെ…’, സിഐഡി മൂസയിലെ ‘മേനെ പ്യാര്‍ക്യാ…’, ഫാന്റത്തിലെ ‘മാട്ടുപൊങ്കല്‍…’, ശിക്കാറിലെ തെലുങ്ക് ഗാനം ‘പ്രതിഘടിന്‍സു…’ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരിയില്‍ മലയാളത്തിനു കിട്ടിയ ഗാനങ്ങളുടെ നിര നീളുകയാണ്. പ്രണയിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത എത്രയോ പാട്ടുകള്‍.
ഹിന്ദിയിലും തിളങ്ങിയ എസ്പിബിക്ക് ആദ്യം ബോളിവുഡില്‍ നിന്ന് തിക്താനുഭവങ്ങളാണുണ്ടായത്. ഹിന്ദി ഉച്ചാരണം ശരിയല്ല എന്നു പറഞ്ഞാണ് എസ്പിബിയെയും മാറ്റിനിറുത്തിയത്. മുന്‍പ് യേശുദാസിനും ബോളിവുഡില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എസ്പിബി പാടിയ ഹിന്ദി ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. എസ്പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകര്‍തന്നെ മാറ്റി നിര്‍ത്തിയ കാലത്താണ് ലക്ഷ്മികാന്ത്–പ്യാരേലാല്‍ സംഗീതം നല്‍കിയ ‘ഏക് ദൂജേ കേലിയേ’യിലൂടെയാണ് ഹിന്ദിയില്‍ തന്റെ ഇരിപ്പിടം അദ്ദേഹം ഉറപ്പിച്ചത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും ഹിന്ദിയില്‍ നിന്ന് ഈ ദക്ഷിണേന്ത്യക്കാരന്‍ സ്വന്തമാക്കി.’തേരേ മേരേ ബീച്ച് മേ , കൈസാ ഹേയേ ബന്ധന്‍…’എന്ന വരികള്‍ ഇന്ത്യ മുഴുവന്‍ ഏറ്റെടുത്തു. പിന്നീട് ഹിന്ദിയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ‘തുംസേ മില്‍നേ കി തമന്നാ ഹേ, പ്യാര്‍ കാ ഇരാദാ ഹേ….’എന്ന താളത്തിനൊപ്പം ഇന്ത്യ നൃത്തം വച്ചു. ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസി’ന്റെ ”നികല്‍ ന ജായേ…” എന്ന പാട്ടു വരെ നീളുന്നു അദ്ദേഹത്തിന്റെ ഹിന്ദിയിലെ ജൈത്രയാത്ര.
പാട്ടുകാരന്‍ എന്ന നിലയ്‌ക്ക് പ്രത്യേകമായി എന്തെങ്കിലും തയ്യാറെടുപ്പുകളോ ചിട്ടകളോ പുലര്‍ത്തുന്നയാളല്ല അദ്ദേഹം. പാട്ടിനെ പാട്ടിന്റെ വഴിക്കും ജീവിതത്തെ അതിന്റെ വഴിക്കും വിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിനാല്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്തു അദ്ദേഹം. എന്തും തുറന്നു പറയുകയും വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തു. ഗായിക എസ്.ജാനകിയോട് വളരെയധികം ആത്മബന്ധം പുലര്‍ത്തിയിരുന്നു. രോഗബാധിതനായി ആശുപത്രിയിലെത്തുന്നതിനു മുമ്പ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ മെസ്സേജ് ശ്രദ്ധേയമായി. എസ്.ജാനകി മരിച്ചു എന്ന തെറ്റായ ഫെയ്‌സ്ബുക്ക് പ്രചരണത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: