മാവേലിക്കര: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഇതര സംസ്ഥാനങ്ങളിലുള്ള സ്വത്തുവകകള്‍ കൈമാറ്റം ചെയ്തതിന് പിന്നിലും പ്രമുഖനായ ഇടത് സഹയാത്രികനായ അഭിഭാഷകന്.
കേസ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഓടിനടക്കുന്ന ഇദ്ദേഹം കമ്പനിയുടെ അനൗദ്യോഗിക നിയമോപദേശകനാണ്. ഓസ്ട്രേലിയയില്‍ കഴിയുന്ന പ്രതികളുടെ ബന്ധുവും മകനും സ്വത്ത് കൈമാറ്റത്തില്‍ പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന പോലീസ് കത്തയച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തേനി, ശങ്കരന്‍കോവില്‍, പെരുന്തുറ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന വസ്തുക്കള്‍ കഴിഞ്ഞ ആറു മാസം മുമ്പ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വകമാറ്റിയിട്ടുണ്ട്. വ്യാജ തണ്ടപ്പേരുകളിലായിരുന്നു മറ്റിടങ്ങളില്‍ സ്വത്തുവകകള്‍ സൂക്ഷിച്ചിരുന്നത്. വിഷയം സിബിഐ ഏറ്റെടുത്തെങ്കിലും മറ്റൊരു എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കു വസ്തുവകകളുള്ളതായി കണ്ടെത്തിയത്. വകയാറിലെ കേന്ദ്ര ഓഫിസിനു പുറമേ തിരുവനന്തപുരം, പൂനെ, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫിസ് സമുച്ചയങ്ങളുണ്ട്.
തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ ഭൂമിയും ആന്ധ്രയില്‍ 28 ഏക്കറും ഇവരുടെ പേരിലുള്ളതായി പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് മൂന്നു വില്ലകള്‍, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ളാറ്റുകള്‍ എന്നിവയുമുണ്ട്. കമ്പനിക്ക് ഇപ്പോഴും 24 കോടി രൂപയുടെ ആസ്തി അവശേഷിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, പ്രതികളായ റോയ് ഡാനിയല്‍, ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ ഒരുമിച്ചു കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: