തൃശൂര്‍: ജനങ്ങളില്‍ ഭീതി പടര്‍ത്തി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരടക്കം മൊത്തം 5244 പേര് രോഗബാധിതരായി. ബുധനാഴ്ച 478 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 478ല്‍ 476 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരികരിച്ചത്. ഇവരില്‍ 11 പേരുടെ രോഗ ഉറവിടം അറിവായിട്ടില്ല.
കഴിഞ്ഞ 15ന് ശേഷം ഇന്നലെ വരെ രോഗം ബാധിച്ചത് 2578 പേര്‍ക്കാണ്. തുടര്‍ച്ചയായി കഴിഞ്ഞ നാലു ദിവസങ്ങളില്‍ രോഗികളുടെ എണ്ണം 300 കടക്കുകയും ഇന്നലെ 400ന് മുകളിലാവുകയും ചെയ്തു. ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫ്രന്റ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഇതിനകം രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്ചയാണ് ജില്ലയില്‍ കോറോണ രോഗികളുടെ എണ്ണം കുതിക്കുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. കോറോണ സ്ഥിരീകരിക്കുന്നവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ മുമ്പത്തേക്കാള്‍ വളരെ കുറവാണ്.
അതിവേഗത്തിലാണ് ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗ.19 വരെ 2791 രോഗികള്‍ മാത്രമായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ബുധനാഴ്ച വരെ കൊറോണ സ്ഥീരികരിച്ചവരുടെ എണ്ണം 9714 ആണ്. ഇവരില്‍ 1204 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് സമൂഹ വ്യാപനത്തിന്റെ തീവ്രത വെളിവാക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 50ഓളം പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പാളിച്ചകളാണ് രോഗികളുടെ എണ്ണം പ്രതിദിനം വര്ദ്ധിക്കാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
സാമൂഹിക അകലത്തില്‍ ഉള്‍പ്പെടെ ജനങ്ങളുടെ ജാഗ്രത കുറഞ്ഞു തുടങ്ങിയതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അണ്‍ലോക്ക് നാലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാനാണ് വഴിയൊരുക്കുകയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 10 വയസിന് താഴെയുള്ള കുട്ടികളും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഇതു കാര്യമായി പാലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: