തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മതഗ്രന്ഥക്കടത്തു കേസില്‍ വകുപ്പിനു കീഴിലെ സി ആപ്ടില്‍ നിന്നുള്ള വാഹനയാത്രകളില് ദുരൂഹതകള്‍ ഏറെ.
യുഎഇ കോണ്‍സുലേറ്റിലും അവിടെ നിന്ന് സി ആപ്ടിലും എത്തിച്ച വിവാദ പാക്കേജുകള്‍ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ സി ആപ്ടില്‍ ഇന്നലെയും എന്‍ഐഎ പരിശോധന. വാഹനത്തിന്റെ ജിപിഎസ് ഉപകരണം കസ്റ്റഡിയിലെടുത്തു. ഒരു വാഹനം കൂടുതല്‍ ദൂരം സഞ്ചരിച്ചതായും കണ്ടെത്തി.
ഇന്നലെ രാവിലെയാണ് എന്‍ഐഎ വീണ്ടും സിആപ്ടില്‍ എത്തിയത്. തുടര്‍ന്ന് പാക്കേജുകള്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാരേഖകള്‍ എന്‍ഐഎ ശേഖരിച്ചു. രണ്ട് വാഹനങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജിപിഎസ് സംവിധാനം ഉണ്ടായിരുന്നത്. തൃശൂരില്‍ വച്ച് വാഹനത്തിന്റെ ജിപിഎസ് സംവിധാനം തകരാറിലായതായി കണ്ടെത്തി. വാഹനം മൂവാറ്റുപുഴയിലും മലപ്പുറം എടപ്പാളിലും നിര്‍ത്തിയെന്നും തുടര്‍ന്ന് കണ്ണൂരിലേക്ക് പോയെന്നും ഡ്രൈവറും സമ്മതിച്ചു. വാഹനം 256 കിലോമീറ്റര്‍ അധികം ഓടിയതായി കണ്ടെത്തി. എന്നാല്‍, ഇത് എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഡ്രൈവര്‍ നല്‍കിയില്ല.
പാഴ്സല്‍ കടത്തിനു പിന്നാലെ സി-ആപ്ടിന്റെ വാഹനം ബെംഗളൂരുവിലേക്ക് പോയതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. എന്തിനാണ് വാഹനം ബെംഗളൂരുവിലേക്ക് പോയതെന്ന് ഡ്രൈവറോടും മറ്റും എന്‍ഐഎ സംഘം വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ട്. ലോറി ഡ്രൈവര്‍, സൂപ്പര്‍വൈസര്‍ എന്നിവരെയും എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്തു. അന്നത്തെ എംഡിയായിരുന്ന അബ്ദുറഹ്മാന് പറഞ്ഞതനുസരിച്ച് പാഴ്സല്‍ കൊണ്ടുപോയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ജീവനക്കാര്‍ ഇന്നലെ നല്കിയ വിശദീകരണം. കൂടുതല്‍ അന്വേഷിക്കുന്നതിനായി ഡ്രൈവര്‍ അടക്കമുള്ളവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പാക്കേജുകള്‍ കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് റെക്കോഡര്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം എങ്ങോട്ടൊക്കെയാണ് പോയത്, എവിടെയെല്ലാം നിര്‍ത്തി എന്നിങ്ങനെ വിശദമായ പരിശോധന എന്‍ഐഎ നടത്തും.
256 കിലോമീറ്റര്‍ അധികം വാഹനം ഓടിയത് കര്‍ണാടക അതിര്‍ത്തി കടന്ന് പോയതാണെന്ന് സംശയം ബലപ്പെടുത്തുന്നു. നയതന്ത്ര ചാനലിന്റെ മറവില്‍ സ്വര്‍ണം കൂടാതെ രാജ്യ വിരുദ്ധ രേഖകളും കറന്‍സികളും കടത്തിയെന്നാണ് എന്‍ഐഎയക്ക് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. ഇത് സിആപ്ടിന്റെ വാഹനത്തിലൂടെ സംസ്ഥാനത്തിന് പുറത്ത് എത്തിച്ചെന്നാണ് സംശയം. ഇതേ സംഭവത്തില്‍ കസ്റ്റംസും എന്‍ഐഎയും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര ചാനലിന്റെ മറവില്‍ 250 പാക്കേജുകളില്‍ 32 എണ്ണം മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്ടിലെ വാഹനത്തില്‍ മലപ്പുറത്തേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: