രോഗിയായി അനങ്ങാന്‍ കഴിയാതെ കട്ടിലില്‍നിന്നു തിരിഞ്ഞുകിടക്കാന്‍ ആള്‍സഹായംവേണ്ട അവസ്ഥയില്‍ കാശിപ്പൂരിലെ ഉദ്യാനഗൃഹത്തില്‍ ശിഷ്യരുടെയും ശാരദാദേവിയുടെയും ശുശ്രൂഷയില്‍ കഴിയുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ അത്ഭുതപ്രവൃത്തി ചെയ്തതു നാം കാണുന്നു. കാശിപ്പൂരുദ്യാനത്തില്‍ തെക്കുഭാഗത്തായി ഒരു ഈന്തപ്പന നിന്നിരുന്നു. ആ മരത്തില്‍നിന്ന് എപ്പോഴും തേന്‍ ഒലിച്ചുകൊണ്ടിരിക്കും. ആ രസം ഒന്നാസ്വദിക്കണമെന്നു ശ്രീരാമകൃഷ്ണന്റെ ബാലഭക്തന്മാര്‍ക്ക് ഒരാഗ്രഹം തോന്നി.
ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു. ശ്രീരാമകൃഷ്ണന്‍ ദ്രുതഗതിയില്‍ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് ഓടുന്നു! ഒന്നു തിരിഞ്ഞു കിടക്കാന്‍ പരസഹായം വേണ്ടിയിരുന്ന അദ്ദേഹം എങ്ങനെയാണ് ഇത്ര വേഗം താഴെയിറങ്ങിയത്? ദേവിക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദേവി ശ്രീരാമകൃഷ്ണന്റെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കട്ടിലിന്മേല്‍ അദ്ദേഹത്തെ കാണാനുമില്ല! ദേവി ഭയന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ പരിഭ്രാന്തയായി തന്റെ മുറിയിലേയ്‌ക്കു തിരിച്ചുവന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീരാമകൃഷ്ണന്‍ അതിവേഗത്തില്‍ മുകളിലേയ്‌ക്ക് ചാടിക്കയറുന്നതു ദേവി കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ പഴയപോലെ അദ്ദേഹം കട്ടിലില്‍ കിടക്കുന്നു!
പിറ്റെ ദിവസം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ദേവി ഈ സംഭവത്തെപ്പറ്റി സൂചിപ്പിച്ചു. ശ്രീരാമകൃഷ്ണന്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറാനാണു നോക്കിയത്. അടുക്കളയില്‍ ജോലി അധികം ചെയ്തു ദേവിയുടെ തല ചൂടു പിടിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
‘ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഒരു ഭയങ്കരസര്‍പ്പമുണ്ടായിരുന്നു. കുട്ടികള്‍ അതറിയാതെ അവിടെ ചെന്നു രസം കുടിക്കുമ്പോള്‍ അതവരെ കടിച്ചു കൊല്ലുമായിരുന്നു. ആ ആപത്തു മുന്‍കൂട്ടി അറിഞ്ഞ് കുട്ടികളെ രക്ഷിക്കാന്‍വേണ്ടി ആ സര്‍പ്പത്തെ എന്നെന്നേയ്‌ക്കുമായി ആ മരത്തിന്റെ ചുവട്ടില്‍നിന്ന് ഓടിക്കാന്‍ അവിടംവരെ പോയതാണ്.’ ഒരു ശരിയായ യോഗിക്ക് തന്റെ ശരീരത്തെ ഇഷ്ടാനുസരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിന്റെ ദൃഷ്ടാന്തമാണ് നാമിവിടെ കാണുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: