മുംബൈ: ലഹരി ഉപയോഗം വ്യാപകമെന്ന ചര്‍ച്ചകള്‍ക്കിടെ പീഡനാരോപണവും ബോളിവുഡില്‍ ചൂടുപിടിക്കുന്നു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
സിനിമാ മേഖലയിലെത്തുന്നവരെല്ലാം എന്തിനും തയാറുള്ളവരല്ലെന്ന പ്രസ്താവനയോടെ അനുരാഗ് കശ്യപിനെതിരെ വലിയ ആരോപണമാണ് പായല്‍ ഘോഷ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കിടപ്പുമുറിയിലെത്തിച്ച് പീഡനശ്രമം നടത്തിയെന്നും, സിനിമയില്‍ ഇത് സാധാരണയാണെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ഘോഷ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ പായല്‍ ഘോഷിനെ പിന്തുണച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തി. പായല്‍ ഘോഷിന്റെ ആരോപണം തള്ളിക്കളളയാനാവില്ല. അനുരാഗ് കശ്യപ് അത്തരം പ്രവണതകള്‍ ചെയ്യാന്‍ സാധ്യതയുള്ളയാളാണ്. തനിക്കെതിരെ പല പ്രമുഖ നടന്മാരും മോശമായി പെരുമാറിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തയാളാണ് അനുരാഗ് കശ്യപ്.ഇവരിലാരോടും സത്യസന്ധമായി പെരുമാറാന്‍ അദ്ദേഹത്തിനായിട്ടില്ല. പായല്‍ ഘോഷിനോടുള്ള അനുരാഗിന്റെ സമീപനം ബോളിവുഡില്‍ സ്ഥിരംസംഭവമാണ്. ബോളിവുഡ് ബുള്ളിവുഡായെന്നും കങ്കണ പറഞ്ഞു.
പലരുടെയും ചിന്ത സിനിമയിലേക്കെത്തുന്നവരെ എന്തും ചെയ്യാമെന്നാണ്. പാര്‍ട്ടികള്‍ക്കിടെ സൗഹൃദത്തോടെ നൃത്തം ചെയ്യുമ്പോള്‍ അതിക്രമം കാട്ടും. സ്ത്രീകളെ വേശ്യയായി കാണുകയാണ് ബോളിവുഡെന്നും കങ്കണ പറഞ്ഞു. കാപട്യവും വഞ്ചനയും നിറഞ്ഞ വിവാഹങ്ങള്‍ സിനിമാ മേഖലയില്‍ നിറയുന്നു. ചിലര്‍ക്ക് സന്തോഷിക്കാന്‍ ദിവസവും പുതിയ നടിമാര്‍ വേണം. ഉയര്‍ന്നുവരുന്ന നടന്മാരോടും ഇത്തരം പ്രവണതകള്‍ കാട്ടുന്നു. മീടു പോലുള്ള തരംഗത്തിലാണ് പലരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുന്നത്.
എന്നാല്‍, തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മേശമായി പെരുമാറിയവരോട് പ്രതികരിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. കങ്കണയ്ക്ക് പിന്നാലെ ബോളിവുഡ് പല ചേരികളായി തിരിഞ്ഞ് പീഡനാരോപണത്തെ എതിര്‍ത്തും വിമര്‍ശിച്ചും താരങ്ങള്‍ രംഗത്തെത്തി.
ഇതിനിടെ, അനുരാഗ് കശ്യപിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് പായല്‍ ഘോഷിന്റെ അഭിഭാഷകന് അറിയിച്ചു. തിങ്കളാഴ്ച മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അനുരാഗ് കശ്യപ്.
പീഡനാരോപണം പൊള്ളയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ട്വിറ്ററിലൂടെ അറിയിച്ചു. പായല്‍ ഘോഷ് പരാതി നല്കിയാല് സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: