ന്യൂദല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഇടനിലക്കാര്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. പതിറ്റാണ്ടുകളായി കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്കൊപ്പമാണ് പ്രതിപക്ഷം. രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ നീക്കം അത്യന്തം ഗൗരവകരമാണെന്നും അതിനാലാണ് സഭയില്‍ നിന്ന് പുറത്താക്കിയതെന്നും വി. മുരളീധരന് വിശദീകരിച്ചു.
ബില്ലുകളെപ്പറ്റി രാജ്യത്തെ കര്‍ഷക സമൂഹത്തിന് യാതൊരു വിധ ആശങ്കകളുമില്ല. ഇടനിലക്കാര്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും മാത്രമാണ് ആശങ്ക. കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ കാര്‍ഷിക പരിഷ്ക്കരണ ബില്ലുകള്‍ അനായാസം പാസാവുന്നു എന്നു തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹളമയമാക്കിയത്.
കേരളത്തില്‍ നിലവിലില്ലാത്ത നിയമത്തിന്റെ പേരിലാണ് കേരളത്തില്‍ മാത്രമുള്ള സിപിഎം രംഗത്തെത്തിയത് എന്നത് വിചിത്രമാണ്. കൂടുതല്‍ വില കിട്ടുന്നിടത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കേരളത്തില്‍ യാതൊരു തടസ്സവുമില്ല. എവിടെയും വില്‍പ്പന നടത്താന്‍ അനുമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും വി. മുരളീധരന് സിപിഎമ്മിനെ ഓര്‍മിപ്പിച്ചു.
എംപിമാരെ പുറത്താക്കിയത് 256-ാം ചട്ടപ്രകാരം: വി. മുരളീധരന്
ന്യൂദല്‍ഹി: രാജ്യസഭയില്‍ അപമര്യാദയായി പെരുമാറിയതിനാണ് കേരളത്തില്‍ നിന്നുള്ള രണ്ട് അംഗങ്ങളുള്‍പ്പെടെ എട്ടു പേരെ പുറത്താക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. രാജ്യസഭാ ചട്ടം 256 പ്രകാരമാണ് പുറത്താക്കല്‍ നടപടി. സഭാ ഉപാധ്യക്ഷന്റെ മൈക്ക് ഒടിക്കുകയും സഭാ ഉപാധ്യക്ഷന്റെ മേശയുടെ മേല്‍ കയറി നില്‍ക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അത്യന്തം ഗൗരവമേറിയതാണ്. ഗുരുതരമായ കുറ്റകൃത്യമാണ് അംഗങ്ങള്‍ ചെയ്തത്. ചട്ടം 256 പ്രകാരം പുറത്താക്കപ്പെട്ടാല്‍ ആ അംഗങ്ങള്‍ സ്വമേധയാ സഭ വിട്ടു പുറത്തുപോവണം എന്നതാണ് രീതി. എന്നാല്‍ അവര്‍ അവിടെ തന്നെ സമരവുമായി നിന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോവാതെ മറ്റു ബിസിനസുകളിലേക്ക് കടക്കരുതെന്നുണ്ട്. അവര്‍ സഭയില്‍ നില്ക്കുമ്പോള് ചര്‍ച്ചകള്‍ നടത്തരുതെന്നാണ് ചട്ടം. പ്രതിപക്ഷ നേതാവിനെ അപമാനിച്ചത് പ്രതിപക്ഷ അംഗങ്ങള്‍ തന്നെയാണ്, വി. മുരളീധരന് പറഞ്ഞു.
മാര്‍ഷലുകളെ അക്രമിച്ച കെ.കെ. രാഗേഷ് പിന്നീട് പറഞ്ഞത് തന്നെ മാര്‍ഷലുകള്‍ അക്രമിക്കുകയായിരുന്നു എന്നാണ്. അത്തരത്തിലുള്ള ആളുകളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും ചെയറിന്റെ റൂളിംഗ് വന്നാല്‍ അതനുസരിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: