തിരുവല്ല: വരുന്ന ശബരിമല മണ്ഡല,മകരവിളക്ക് ഉത്സവത്തിനായി വഴിപാട് സാധനങ്ങളുടെ അടക്കം ലേലം പ്രതിസന്ധിയിൽ ആയതോടെ കരാറുകാർക്ക് പിന്നാലം ദേവസ്വം ബോർഡ് .മുൻവർഷത്തെ കരാറുകാർക്ക് തന്നെ കുത്തക ലേലം തരാമെന്ന നിർദ്ദേശം ബോർഡ് മുന്നോട്ട് വച്ചെങ്കിലും അവർക്ക് സ്വീകാര്യമായില്ല. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം പരിമതപ്പെടുത്താൻ ബോർഡ് തീരുമാനിച്ച സാഹചര്യത്തിൽ ലേലം പിടിക്കുന്നത് നഷ്ടമാകുമെന്നാണ് കരാറുകാർ പറയുന്നത്.
മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാൽ ഇവയിലൊന്നും തന്നെ പൂർണ്ണമായി ലേലത്തിൽ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുൻവർഷത്തെ കരാറുകാർക്ക് തന്നെ ലേലം കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്. ഉണ്ണിയപ്പം,അരവണ എന്നിവയുടെ നിർമാണത്തിന് അടക്കം ബോർഡ് ടെണ്ടർ വിളിച്ചിരുന്നു.
അതേ സമയം ദേവസ്വം ബോർഡിന് വരുമാനം ഏറ്റവും കൂടുതൽ വരുമാനം നേടിതരുന്ന സ്ഥല ലേലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.ഹോട്ടലുകൾ അടക്കം സ്ഥാപിക്കാൻ വൻതുകയായിരുന്നു ലേലത്തിലൂടെ ബോർഡിന് കിട്ടിയിരുന്നത്.സന്നിധാനത്തിന് സമീപം ഒരു കോടിക്ക് മുകളിലുളള തുകയ്ക്കാണ് ഹോട്ടലിനായി സ്ഥല ലേലം കൊണ്ടത്. ഇത്തവണ അതിന്റെ പകുതി പോലും കിട്ടുമെന്ന പ്രതീക്ഷ ബോർഡിനില്ല. ശബരിമലയിലെയും പമ്പയിലെയും മാത്രമല്ല ഇടത്താവളങ്ങളിലെ ലേലവും നടക്കേണ്ടതാണ്. എരുമേലിയിൽ നിന്ന് അടക്കം ലക്ഷങ്ങളാണ് ലേലത്തിലൂടെ ബോർഡിന് കിട്ടിക്കൊണ്ടിരുന്നത്.
ശബരിമലയിലെ മാത്രമല്ല ബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ വഴിപാട് സ്റ്റാളുകളുടെ ലേലത്തിലും പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സ്റ്റാൾ നടത്തിക്കൊണ്ടിരുന്നവർക്ക് തുകയിൽ ഇളവ് വരുത്തി തുടരാൻ അനുവദിക്കുകയായിരുന്നു. ശബരിമലയിലെ ലേലം പ്രതിസന്ധിയിലായതോടെ ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും കൂടുതൽ പരുങ്ങലിലാകും.ഇപ്പോൾ നടക്കുന്ന ലേലത്തിലൂടെ 50 കോടിയുടെ വരുമാനമാണ് ബോർഡ് പ്രതീക്ഷിച്ചത്. ഇത് കിട്ടാതെ വരുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നത്.
അവലോകന യോഗം 28ന് ; കോവിഡ് മാനദണ്ഡങ്ങൾ ചർച്ചയാകും
മണ്ഡല,മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. തുലാമാസ പൂജകൾക്ക് നട തുറക്കുമ്പോൾ മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാമെന്നാണ് ബോർഡിന്റെ തീരുമാനം.എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം നാലായിരവും കടന്ന് കുതിക്കുമ്പോൾ എങ്ങനെ ഭക്തരെ പ്രവേശിപ്പിക്കാമെന്നായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട.ഈ യോഗത്തിൽ ഭക്തർക്കുള്ള കോവിഡ് പ്രോട്ടോക്കോളും തീരുമാനിച്ചേക്കും. ദിവസം 5,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ഭക്തർക്ക് ആന്റിജൻ പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെ സന്നിധാനത്തേക്ക് കടത്തി വിടാനാണ് തീരുമാനം. വെർച്യുൽ ക്യൂ വഴിയായിരിക്കും പ്രവേശനം. അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്വാറന്റൈൻ വേണമെന്നോ അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: