കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നീതി തേടി തെരുവില്‍. ക്രൂരപീഡനമേറ്റ് പെണ്‍കുട്ടികള്‍ കൊലപ്പെട്ട കേസ് അട്ടിമറിച്ച ഡിവൈഎസ്പി എം.ജെ. സോജന് സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കുക, പ്രതികളെ അറസ്റ്റ് ചെയ്യുക, ഹൈക്കോടതി മേല്‍നേട്ടത്തില്‍ കേസ് വീണ്ടും അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി മൂത്ത കുഞ്ഞിന്റ പതിനാറാം ജന്മവാര്ഷിക ദിനമായ ഇന്നലെ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ മാതാപിതാക്കള്‍ ഏകദിന സത്യഗ്രഹം നടത്തി.
കേസില്‍ പുനരന്വേഷണം ഉണ്ടാകുമെന്നും സിബിഐ അന്വേഷണം നടത്താമെന്നും ഉറപ്പു നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് വാക്കുപാലിക്കാതെ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയാണ് പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പ്രതികളില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പറഞ്ഞു.
കേസിലെ വിധി റദ്ദാക്കാനുള്ള അപ്പീല്‍ പോലും ഇതുവരെയും ഹൈക്കോടതി പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നടത്തിയ സത്യഗ്രഹം റിട്ട. ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സോജന് സ്ഥാനക്കയറ്റം നല്‍കിയതോടെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സി.ആര്. നീലകണ്ഠന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: