ഇരിട്ടി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഇരിട്ടി നഗരത്തിലെ കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും, വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥക്കുമെതിരെ ഇന്ന് വ്യാപാരി സംഘടനകളുടെ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഉപവാസ സമരം നടത്തും. ഇരിട്ടി പഴയസ്റ്റാന്‍ഡ് നഗരസഭാ കോംപ്ലക്സില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ഉപവാസം.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇരിട്ടി നഗരവും നിശ്ചലാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുകയും മറ്റ് നഗരങ്ങളെല്ലാം നിയന്ത്രണ വിധേയമായി സാധാരണ നിലയിലേക്ക് മാറിയെങ്കിലും ഇരിട്ടി നഗരം ഇത് തുടര്‍ച്ചയായി അടച്ചിടുന്നത് നാലാം തവണയാണ്. വിശാലമായി പരന്നുകിടക്കുന്ന നഗരം ഉള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു കോവിഡ് രോഗി ഉണ്ടാകുന്നതോടെ നഗരം മുഴുവന്‍ അടച്ചിടുന്ന അവസ്ഥയാണ് ഇന്ന്. നഗരവുമായി ഇവര്‍ക്ക് സമ്പര്‍ക്കമില്ലെങ്കില്‍ കൂടി ഇതുതന്നെയാണ് അവസ്ഥ.
ജാഗ്രതാ മുന്നറിയിപ്പ് നല്കി കര്‍ശന നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുന്നതി പകരം എല്ലാം അടച്ചു പൂട്ടിക്കുന്ന ജില്ലാ ഭരകൂടത്തിന്റെ നടപടി അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവര്‍ ഉള്‍പ്പെടുന്ന നിരവധി കച്ചവടക്കാര്‍ ഉള്ള ഇരിട്ടിയിലെ വ്യാപാരി സമൂഹത്തോട് ചെയ്യുന്ന കടുംകൈ ആണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് രോഗി ഉണ്ടാകുമ്പോള്‍ രോഗിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം മാത്രം കണ്ടെയ്ന്മെന്റ് സോണാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം നഗരം മുഴുവന്‍ അടച്ചിടുന്ന നടപടി ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ കടക്കെണിയിലായ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇത് കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുക എന്നും ഇവര്‍ പറഞ്ഞു.
ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമ പരിരക്ഷ നല്കി തകര്‍ന്നടിഞ്ഞ വ്യവസായ മേഖല രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇരിട്ടിയിലെ വ്യാപാരികളുടെ സംയുക്ത സമിതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്, വ്യവസായമന്ത്രി ഇ.പി. ജയരാജന്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കഴിഞ്ഞ ആഴ്ച നിവേദനവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: