കൊറോണ രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിലെ പ്രതിഷേധം സംസ്ഥാനത്ത് കെട്ടടങ്ങിയിട്ടില്ല. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിനു പിന്നില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് വ്യക്തം. ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധം തുടരുന്നു. ചില പ്രതികരണങ്ങളിലേക്ക്…
കേരളം നാണംകെട്ടു
കൊറോണ മഹാമാരിയെ തുരത്തുന്നതില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് പിആര്‍ വര്‍ക്കിലൂടെ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ആറന്മുളയില് കൊറോണ ബാധിതയായ യുവതി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്. ഇത് ലോകത്തിന് മുന്നില്‍ കേരളത്തിന് നാണക്കേടുണ്ടാക്കി. സ്ത്രീ നവോത്ഥാനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി മതില് പണിത സര്‍ക്കാരിന് സ്ത്രീ സുരക്ഷയ്ക്കായി എന്ത് ചെയ്തുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാദ്ധ്യതയുണ്ട്.
കൊവിഡ് നിര്‍ണയത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നിരുന്ന യുവതിയെ കെയര്‍സെന്ററിലേക്ക് പറഞ്ഞുവിടുമ്പോള്‍ അവള് ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ സുരക്ഷിതയായി മടങ്ങിവരുമെന്ന വിശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ അത് നഷ്ടപ്പെട്ടിരിക്കുന്നു. വനിതാ കമ്മീഷനും, യുവജന കമ്മീഷനും പാര്ട്ടിയടിമകളായി, നോക്കുകുത്തികളായി. പിഞ്ചുകുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. മന്ത്രിയായി തുടരാനുള്ള യോഗ്യത തനിക്കില്ലെന്ന് ആരോഗ്യമന്ത്രി തിരിച്ചറിയണം.
അഡ്വ.എസ്. ആശാമോള്‍
(ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷ)
ഭയം വേണം, ജാഗ്രതയും
പു’രോഗ’തിയുടെ ഈ കേരള മോഡല്‍ ലജ്ജിപ്പിക്കുന്നു. കൊറോണയേക്കാള്‍ മാരക വിനാശകാരികളായ വൈറസുകള്‍ പലതും മനുഷ്യമനസ്സുകളില്‍ കുടിപ്പാര്ക്കുന്നുണ്ട്.
സുരക്ഷിതമല്ലാത്ത ഈ ചുറ്റുപാടുകളെ നാമെത്ര മാത്രം ഭയപ്പെടണമെന്ന് സൂചിപ്പിക്കുന്നതാണ് ആറന്മുള സംഭവം. ഭയം വേണം… ജാഗ്രതയും വേണം… ഈ അസ്വസ്ഥകാലത്തെ അതിജീവിക്കാന്‍…
ഡോ. ലക്ഷ്മിശങ്കര്‍
(ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അധ്യാപിക)
ആരോഗ്യമന്ത്രി തിന്മമരം
ആരോഗ്യമന്ത്രി കെ.കെ. ശൈലജ നന്മമരമല്ല, തിന്മകള്ക്ക് കൂട്ടുനില്‍ക്കുന്ന തിന്മമരമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ആറന്മുളയിലെ സംഭവം. ആംബുലന്‍സില്‍ കോവിഡ് ബാധിത പീഡിപ്പിക്കപ്പെട്ടത് സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്പ്പെട്ടതായിട്ടും വകുപ്പ് മന്ത്രി ഒരക്ഷരം ഇതുവരെയും ഉരിയാടിയിട്ടില്ല. ഒരാള്‍ക്കും വാക്കത്തി തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങേണ്ടി വരില്ലെന്ന് വീമ്പു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ പീഡനവീരന്മാര്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്. പതിനഞ്ചിലധികം ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ 108 ആംബുലന്‍സ് ഡ്രൈവറായത് ആഭ്യന്തര വകുപ്പിന്റെ പരാജയം.
രാജിപ്രസാദ്
(ബിജെപി സംസ്ഥാന സെക്രട്ടറി)
പ്രതിബദ്ധത പ്രഹസനമാകുന്ന കാലം
ആരോടും എന്തുമാകാമെന്നും എന്ത് ചെയ്താലും ചോദിക്കാനാരുമുണ്ടാകില്ലെന്നുമുള്ള മനോഭാവമാണ് ഇത്തരം വൈകൃതങ്ങള്‍ വ്യാപകമാവുന്നതിന് പിന്നില്‍. ചെറുക്കേണ്ടവര്‍ തന്നെയാണ് ഇത്തരം ക്രിമിനലുകള്‍ക്ക് തണലൊരുക്കുന്നതും. നല്ല അമ്മമാര്‍ക്ക് നല്ല ആണ്മക്കള് പിറക്കുന്ന കാലം ഇനി എന്ന് വരും? സ്ത്രീത്വത്തെ ഇത്തരക്കാര്‍ സമീപിക്കുന്നത് എന്നും ഇങ്ങനെ തന്നെയാണ്. സംസ്കാരത്തോടും തിരിച്ചറിവുകളോടുമൊക്കെ പുച്ഛമാണ് അവര്‍ക്ക്. അധികാരവും സാമൂഹ്യപ്രതിബദ്ധതയുമൊക്കെ പ്രഹസനമായി മാറുന്ന കാലത്താണ് നമ്മുടെ ജീവിതം. ഇസങ്ങള്‍ വാചകക്കസര്‍ത്തു മാത്രമാവുന്ന ഈ കാലത്തെ ഏറ്റവും വലിയ ജീവനോപാധി ന്യായീകരണത്തൊഴിലാണല്ലോ. ആറന്മുളയിലെ ക്രിമിനലിനുവേണ്ടിയും ഇരവാദമുയരുന്നതും ആസാദിവേഷക്കാര് കൈകോര്‍ക്കുന്നതും അതിന്റെ ലക്ഷണമാണ്.
ഡോ.ആര്. അശ്വതി
(തപസ്യ സംസ്ഥാന സെക്രട്ടറി)
രാജ്യത്തിനാകെ അപമാനം
മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമാണ് ആറന്മുളയിലേത്. ലോകത്തില്‍ തന്നെ ഇങ്ങനെ ഒരു സംഭവമുണ്ടായതായി ഇതുവരെ നാം കേട്ടിട്ടില്ല. തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തില്‍ ഇരുന്ന യുവതിയെ സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍വരുത്തി ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ച സംഭവം പുറത്തുവന്നിരിക്കുന്നു. ആരോഗ്യരക്ഷയിലും സ്ത്രീസുരക്ഷയിലും നാം ഒന്നാം സ്ഥാനത്താണെന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് പീഡനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. മനപ്പൂര്‍വവും ഗുരുതരവുമായ സുരക്ഷാവീഴ്ചയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. കേരളം ഇന്നേവരെ നേടിയ എല്ലാ കീര്‍ത്തിയും നശിപ്പിക്കുന്ന സര്‍ക്കാരായി പിണറായി വിജയന് സര്‍ക്കാര്‍ മാറി. വനിതാ കമ്മീഷനും രാഷ്ട്രീയ ചട്ടുകമായി മാറുമ്പോള്‍ കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ഒരു പുനര്‍വായന ആവശ്യമായിവരുന്നു.
അഡ്വ.ജി. അഞ്ജനാദേവി
(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി)
കേരളം മാഫിയകളുടെ നാടായി
കേരളം മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും കേന്ദ്രമായി മാറി. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സാമൂഹിക സുരക്ഷയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണതലത്തിലുള്ള പിന്തുണയാണ് ഈ അവസ്ഥയ്ക്കു കാരണം. ദിശാബോധം നഷ്ടപ്പെട്ട മുന്നണികളുടെ ഭരണം കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു. മാരക രോഗങ്ങള്‍ ബാധിച്ച സ്ത്രീകള്‍ പോലും പീഡനങ്ങള്‍ക്ക് ഇരയാകുന്നു. സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന കഥകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.
ഉത്തരേന്ത്യയില്‍ ചില സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കുന്ന ഇവിടത്തെ ബുദ്ധിജീവികളും സാംസ്കാരിക നായകരും കേരളത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നത് ഇരട്ടത്താപ്പാണ്.
കെ. ഗുപ്തന്
(ഭൂഅവകാശ സംരക്ഷണ സമിതി പ്രവര്ത്തകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: