മുംബൈ: ആദ്യം തോല്‍ക്കുക, പിന്നീട് തുടര്‍ വിജയങ്ങളിലൂടെ കിരീടം നേടുക. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശീലമാണിത്. തോല്‍വി ആവര്‍ത്തിച്ച പല സീസണുകളിലും അവിശ്വസനീയമായി കിരീടത്തിലെത്തിയ ചരിത്രമാണ് അവര്‍ക്കുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബുമാണ് മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ, നാല് തവണ കിരീടം നേടി, 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍.
കഴിവു തെളിയിച്ച വിദേശതാരങ്ങള്‍, യുവത്വം തുളുമ്പുന്ന ഇന്ത്യന്‍ താരങ്ങള്‍, ഏത് മേഖലയിലും സര്‍വ സജ്ജമാണ് മുംബൈ ഇന്ത്യന്‍സ്. നായകന് രോഹിത് ശര്‍മ്മയാണ് ടീമിന്റെ പ്രധാന ശക്തി. രോഹിതിന്റെ കീഴിലാണ് മുംബൈ നാല് തവണയും കിരീടം നേടിയത്. ഓള്‍റൗണ്ടര്‍മാരുടെ വലിയ നിരതന്നെയുണ്ട് മുംബൈ നിരയില്‍. പാണ്ഡ്യ സഹോദരങ്ങളായ ഹാര്‍ദിക്കും ക്രുണാലും സജ്ജീവ സാന്നിധ്യമാകും. നഥാന്‍ കൗള്‍ട്ടര്‍നൈല്‍, മിച്ചല്‍ മക്ലിനഗന് എന്നിവരും ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്.
ആദിത്യ തരെ, ഇഷാന് കിഷന് എന്നീ യുവ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശതാരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, ക്രിസ് ലിന് എന്നിവരും രോഹിത് ശര്‍മ്മയ്ക്കൊപ്പം മുംബൈയുടെ ബാറ്റിങ്ങിന് കരുത്തേകും. ഓപ്പണിങ് മുതല്‍ വാലറ്റം വരെ പരീക്ഷിക്കാന്‍ നിരവധി താരങ്ങളുള്ളത് മുംബൈയുടെ ശക്തിയാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ്ങും സുശക്തം. ലസിത് മലിംഗ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ടീമിന് കരുത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: