കൊച്ചി: വായ്പകളുടെ മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും ഈ കാലഘട്ടത്തിലെ പലിശ ഒഴിവാക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന ബിഎംഎസ് സംസ്ഥാന ഭാരവാഹിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് സാധാരണ തൊഴിലാളികളും കര്‍ഷകരുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷനും സാമ്പത്തിക സഹായങ്ങളും പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറെ ആശ്വാസകരമായ നടപടികളായിരുന്നു. എന്നാല്‍ വരുമാനം പൂര്‍ണമായും നിലച്ചവരും ഭാഗികമായി നിലച്ചവരുമായ കോടിക്കണക്കിന് തൊഴിലാളികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടം തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ 70 ലക്ഷം തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നതായാണ് കണക്കുള്ളത്. എന്നാല്‍ ഏതാണ്ട് ഒരു കോടി 10 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതെന്നതാണ് വസ്തുത. അവയില്‍ ബഹുഭൂരിപക്ഷവും മോട്ടോര്‍ തൊഴിലാളികളും ഷോപ്പ് മേഖലയില്‍ ജോലി ചെയ്യുന്നവരും മറ്റു വിവിധ ഇടങ്ങളില്‍ പണിയെടുക്കുന്നവരും ആണ് ബഹുഭൂരിപക്ഷം തൊഴിലാളികളും.
ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാങ്ക് വായ്പ തരപ്പെടുത്തി സ്വന്തമായി ഒരു ഓട്ടോറിക്ഷ, വിദ്യാഭ്യാസ വായ്പ, വീടുവയ്ക്കാനുള്ള വായ്പയോ എടുത്തിട്ടുള്ളവരാണ് അധികവും. കൊവിഡുകാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ബാങ്ക് വായ്പകള്‍ക്ക് നിശ്ചിതകാലത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ മൊറട്ടോറിയം കാലഘട്ടത്തില്‍ വായ്പയ്ക്കുള്ള പലിശ അടയ്ക്കണമെന്നും അല്ലാത്തപക്ഷം പലിശക്കുമേല്‍ പലിശ ഏര്‍പ്പെടുത്തണമെന്നുമുള്ള വ്യവസ്ഥ വളരെ ക്രൂരമാണ്. പ്രതിസന്ധിയിലായ തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, അഡ്വ. ആശമോള്‍ ,ജി.കെ അജിത്ത്, സി.ജി ഗോപകുമാര്‍,സി. ബാലചന്ദ്രന്, സി.വി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: