ബീജിങ്: ചൈനയുടെ അതിര്‍ത്തി വിസ്തൃതമാക്കുന്ന നയങ്ങളെ ഫലപ്രദമായി നേരിടുന്ന ഇന്ത്യയെ മറ്റുരാജ്യങ്ങള്‍ മാതൃകയാക്കണമെന്ന് ടിയാന്മെന് വിദ്യാര്‍ഥി നേതാവും ഹ്യുമാനിറ്റേറിയന്‍ ചൈനയുടെ പ്രസിഡന്റുമായ ചൗ ഫെങ്സുവോ. ‘രാജാവ് നഗ്നനാണ്’ എന്ന പേരില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീ ജിന്‍ പിങ്ങിന്റെ ഏകാധിപത്യ ഭരണത്തെ ഫലപ്രദമായാണ് ഇന്ത്യ നേരിടുന്നത്. വളരെ പ്രധാനപ്പെട്ട റോളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്. മാവോ രണ്ടാമനാവാനാണ് സീ ജിന്‍ പിങ് ശ്രമിക്കുന്നത്. മാവോയുടെ സ്വാധീനം എല്ലാത്തരത്തിലും ചൈനയിലുണ്ട്. ലോകം തന്നെ പിടിച്ചടക്കി ചൈനയെ വികസിപ്പിക്കാനാണ് പിങ്ങിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്വാന് വളര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യമാണ്. എത്ര മനോഹരമായാണ് അവര്‍ ഉദാരവത്ക്കരണ നയങ്ങള്‍ നടപ്പാക്കുന്നത്. തായ്വാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് വളരെ വ്യക്തമായറിയാം.
അഞ്ച് തവണ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. തായ്വാനുമായി നയതന്ത്രബന്ധം ശക്തമാക്കി ഇന്ത്യ, ചൈനയെ ഒരുമിച്ച് നേരിടണമെന്നും ഫെങ്സുവോ പറഞ്ഞു.
ഇന്ത്യ സാങ്കേതികമായി വന്‍ ശക്തിയാണ്. ചൈനയുടെ ഫയര്വാള് ടെക്നോളജിക്കെതിരെ പോരാടേണ്ടതുണ്ട്. ചൈന സ്വന്തമായി ഇന്റര്‍നെറ്റ് വികസിപ്പിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗജന്യമായി എല്ലാവര്ക്കും ലഭിക്കുന്നതിന് പോരാടണം. ചൈനയില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് ടിയാന്മെന് സ്ക്വയറില്‍ 1989ല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനായുള്ള വികാരം ആദ്യമായി ചൈനീസ് ജനത പ്രകടിപ്പിച്ചത് അന്നായിരുന്നു.
കൊവിഡ് 19 വ്യാപിപ്പിച്ചതില്‍ ചൈനയ്ക്ക് മുഖ്യമായ പങ്കുണ്ട്. ചൈന വൈറസ് പരത്തിയതിനെ വിമര്‍ശിച്ച് കത്തെഴുതിയതിനെത്തുടര്‍ന്ന് പീക്കിങ് യൂണിവേഴ്സിറ്റി പ്രൊഫസറെ നിരവധി വര്‍ഷത്തേക്ക് ജയിലിലടച്ചു. ടിയിന്മെന്നിന് തുല്യമാണ് വുഹാനെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ലോകത്തിന് ഭീഷണിയാണ്. ചൈനയുടെ മനുഷ്യത്വഹീനമായ നടപടികളെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യശക്തികളുടെ മൗനമാണ് ഏറ്റവും വലിയ ദുരന്തമെന്നും ഫെങ്സുവോ പറഞ്ഞു.
ടിബറ്റന്‍ ജനതയെത്തന്നെ ചൈന ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് വെബിനാറില്‍ പങ്കെടുത്തുകൊണ്ട് ടിബറ്റന്‍ മനുഷ്യാവകാശ പ്രവര്‍ത്തക തിന്‍ലേ ചുക്കി പറഞ്ഞു. ആത്മീയ ഗുരു ദലൈലാമയെ കാണാന്‍ വരെ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: