ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഭരണകൂടം കവര്‍ന്നെടുത്തത് 1975 ജൂണ്‍ 25നാണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും തെരഞ്ഞെടുപ്പ് കേസില്‍ തനിക്കുണ്ടായ പരാജയത്തെ മറികടക്കാനുമായി ഭരണഘടനയുടെ 352-ാം അനുച്ഛേദത്തെ ദുരുപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭാരതത്തിലെ ആദ്യത്തെയും ഒരു പക്ഷേ അവസാനത്തേയും ഏകാധിപതി ഇന്ദിരാഗാന്ധിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിലേറ്റതിനേക്കാള്‍ കൊടിയ മര്‍ദ്ദനം അടിയന്തിരാവസ്ഥയ്‌ക്കെതിരേയുള്ള പോരാട്ടത്തിലേര്‍പ്പെട്ടവര്‍ക്കേറ്റു. ഒരു ഭാഗത്ത് ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു വിഭാഗം പടപൊരുതിയപ്പോള്‍ മറുഭാഗത്ത് വലിയൊരു വിഭാഗം അടിയന്തരാവസ്ഥയെ അനുകൂലിച്ച് തടി കേടാവാതെ സൂക്ഷിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും ജഡ്ജിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെയുണ്ടായിരുന്നു. മര്‍ദ്ദനമേല്‍ക്കാന്‍ ധൈര്യപൂര്‍വ്വം മുതുക് കാട്ടി കൊടുത്ത ധീരദേശാഭിമാനികള്‍ മൂലമാണ് ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം വിജയിച്ചത്.
ഭരണഘടന ജനങ്ങള്‍ക്ക് കല്‍പ്പിച്ച് നല്‍കിയ എല്ലാ അവകാശങ്ങളും അടിയന്തരാവസ്ഥയുടെ നാളുകളില്‍ കവര്‍ന്നെടുത്തു. നീതിന്യായ കോടതികള്‍ പോലും മര്‍ദ്ദകഭരണകൂടത്തിന്റെ നിഴലിലായി. മിസയും ഡിഐആറും അടക്കമുള്ള കരിനിയമങ്ങള്‍ യഥേഷ്ടം പ്രയോഗിച്ചു. നീതി നിഷേധിക്കപ്പെട്ടവന്, അകാരണമായി തുറങ്കിലടയ്‌ക്കപ്പെട്ടവന്, കിരാത മര്‍ദ്ദനത്തിനിരയായവര്‍ക്കൊന്നും തന്നെ നിയമസഹായം നല്‍കാന്‍ ആരുമില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയചിന്താധാരയിലും ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്ന അഭിഭാഷകര്‍ സംഘടിതമായും അല്ലാതെയും മുന്നോട്ടുവന്നു. വിവിധ ഭാഗങ്ങളില്‍ അത്തരം അഭിഭാഷക കൂട്ടായ്മകള്‍ രൂപപ്പെട്ടു. ബംഗാളിലെ നാഷണല്‍ ലായേഴ്‌സ് ഫോറവും ആന്ധ്രയിലെ ന്യായവാദിപരിഷത്തും തമിഴ്‌നാട്ടിലെ ദേശീയ വഴക്കിറങ്കല്‍ പേരവൈയും കേരളത്തിലെ ഭാരതീയ അഭിഭാഷക പരിഷത്തും അത്തരത്തിലുണ്ടായ സംഘടിത രൂപങ്ങളാണ്. ഇങ്ങനെ വിവിധ പേരുകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ദേശീയ ബോധമുള്ള അഭിഭാഷക സംഘടനകള്‍ 1992 സെപ്തംമ്പര്‍ 7ന് അഖില ഭാരതീയ അധിവക്താ പരിഷത്ത് എന്ന കേന്ദ്ര സംഘടനയുടെ ഭാഗമായി മാറി. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തിരിതെളിച്ച, ബിഎംഎസ്സിന്റേയും ബികെഎസ്സിന്റെയുമൊക്കെ സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയാണ് അധിവക്താ പരിഷത്തിനും മാര്‍ഗ്ഗദര്‍ശകനായത്.
സമൂഹത്തില്‍ അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അധിവക്താ പരിഷത്ത് ഇന്ന് കശ്മീരിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുമടക്കം പ്രവര്‍ത്തനമുള്ള രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടനയാണ്. ജാതി, മത, രാഷ്‌ട്രീയ, ലിംഗ വ്യത്യാസമില്ലാതെ ഭാരതത്തിലെ മുഴുവന്‍ അഭിഭാഷകരേയും ദേശീയ മുഖ്യധാരയിലെത്തിക്കുന്നതിനും സാമൂഹ്യനീതിയും സമരസതയും ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അധിവക്താപരിഷത്തിന്റെ പ്രേരണാ മന്ത്രം ‘ന്യായഃ മമ ധര്‍മ്മഃ’ എന്നതാണ്. ഉദാത്തമായ നീതിനിര്‍വഹണത്തിനും നീതിന്യായ സംവിധാനത്തിന്റെ നവോത്ഥാനത്തിനും ദേശീയസുരക്ഷയ്‌ക്കും വേണ്ടിയാണ് അധിവ ക്താപരിഷത്ത് നിലകൊള്ളുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിനും പ്രകൃതി ചൂഷണത്തിനുമെതിരെ പോരാടുന്ന പരിഷത്ത് അഭിഭാഷകരെ തൊഴില്‍രംഗത്ത് പ്രാപ്തരാക്കാനുള്ള സ്റ്റഡിസര്‍ക്കിളുകളും സാധാരണക്കാരന് സൗജന്യ നിയമസഹായം നല്‍കുന്ന ന്യായകേന്ദ്രങ്ങളും നടത്തിവരുന്നു. കൊവിഡ് കാലത്തും സജീവമായി പ്രവര്‍ത്തിച്ച് അഭിഭാഷകരുടെയും പൊതുജനങ്ങളുടേയും പ്രശംസ നേടാന്‍ അധിവക്താപരിഷത്തിന് കഴിഞ്ഞു.
ഈ മഹാമാരിയുടെ സമയത്ത് അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചതിന് പുറമേ കൊവിഡ് പ്രതിരോധ സാമഗ്രഹികളും ഓണ്‍ലൈന്‍ പഠനത്തിന് ടിവികളും വിതരണം ചെയ്തു. അധിവക്താപരിഷത്തിന്റെ ഇടപെടല്‍ മൂലം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ബാര്‍ കൗണ്‍സിലുകള്‍ വഴി അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. ഭാരതത്തിലെ വനിതാ അഭിഭാഷകര്‍ കേന്ദ്രധനമന്ത്രിക്ക് ഓണ്‍ലൈന്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് അഭിഭാഷകരെ എംഎസ്എംഇ സ്‌കീമില്‍പെടുത്തി ഉത്തരവുണ്ടായി. അഭിഭാഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനോടൊപ്പം അഭിഭാഷകരുടെ ട്രേഡ് യൂണിയന്‍ എന്ന സങ്കല്‍പത്തിനതീതമായി സമൂഹത്തിനുവേണ്ടിയും നീതിന്യായ സംവിധാനത്തിന്റെ കെട്ടുറപ്പിനുവേണ്ടിയുമാണ് അധിവക്താ പരിഷത്ത് നിലകൊള്ളുന്നത്.
ലോകത്തിലേറ്റവും ശക്തമായ ജുഡീഷ്യല്‍ സംവിധാനമാണ് ഭാരതത്തിലേത്. സാധാരണക്കാരന്‍ ഇന്നും അവസാന അത്താണിയായി കാണുന്നത് കോടതികളെയാണ്. അതേസമയം നമ്മുടെ നീതിന്യായ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ അഭിഭാഷകരടക്കമുള്ള ചിലര്‍ പല പരിശ്രമങ്ങളും നടത്തിവരുന്നുണ്ട്. കോടതികളേയും ന്യായാധിപരേയും പരസ്യമായി ആക്ഷേപിച്ച് ഭീഷണിയുടെ സ്വരമുയര്‍ത്തി കാര്യസാധ്യം നടത്തുന്ന ഇവര്‍ സാധാരണക്കാരന് നിലവിലുള്ള സംവിധാനത്തിലുള്ള വിശ്വാസ്യത തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിയാത്ത ചില ന്യായാധിപരുടെ പ്രവര്‍ത്തികളും ഇത്തരക്കാര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ജനാധിപത്യവും മൗലികാവകാശവും സംരക്ഷിക്കാന്‍ അര്‍ദ്ധരാത്രി പോലും കോടതി മുറി തുറന്ന് പ്രവര്‍ത്തിക്കാന്‍ തയാറായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. ഈ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭാരതത്തെതന്നെ ഇല്ലാതാക്കാനാണ്. നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയ്‌ക്കും കെട്ടുറപ്പിനും അഭിഭാഷകരും ന്യായാധിപരും വ്യവഹാര കക്ഷികളും അവരവരുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയാല്‍ ലോകോത്തരമായ നമ്മുടെ നീതിന്യായ സംവിധാനം കളങ്കരഹിതമായി മുന്നോട്ട് പോകും
(ഭാരതീയ അധിവക്താ പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: