ന്യൂദല്‍ഹി: ആഗസ്റ്റ് 31വരെ തിരിച്ചടവ് കുടിശികയില്ലാത്ത വായ്പകളെ എന്‍പിഎ (നോണ്‍ പെര്‍ഫോര്‍മിങ്ങ് അസറ്റ്) ആയി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യില്ലെന്ന് കേന്ദ്രവും ആര്‍ബിഐയും കോടതിയില്‍ വ്യക്തമാക്കി.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
പലിശയ്ക്കു പലിശ ചുമത്തരുതെന്ന വാദമാണ് മുഖ്യമായും കോടതിയുടെ പരിഗണനയിലുള്ളതെങ്കിലും കൊറോണ വലിയ ദുരന്തമായ സാഹചര്യത്തില്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ തിരിച്ചടവില്‍ എന്തെങ്കിലും ചെയ്യാനുണ്ടോയെന്നും കോടതി പരിേശാധിക്കുന്നുണ്ട്. വായ്പയെടുത്തവരെ സംരക്ഷിക്കേണ്ടതുണ്ട്, ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.
മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങിയ വായ്പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്നാണ് വായ്പകള്‍ എടുത്തവരുടെ ആശങ്ക. എന്നാല്‍, ഇതില്‍ ആശങ്ക വേണ്ടെന്നും കൊറോണ കാരണം പ്രതിസന്ധിയിലായ വായ്പ്പകളില്‍ ആഗസ്റ്റ് ആറിന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും അര്‍ഹമായ വായ്പ്പകളുടെ പുനഃസംഘടനക്കാര്യം ഇതിലുണ്ടെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പല തരത്തിലുള്ള വായ്പ്പകളുണ്ട്, പല തരം ബാങ്കുകളും. ഒന്നിനു ചേരുന്ന പരിഹാരം മറ്റുള്ളവയ്ക്ക് ശരിയാകണമെന്നില്ല. അതിനാല്‍, എല്ലാത്തിനുമായി ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും
കഴിയില്ല. തുഷാര്‍ മേത്ത പറഞ്ഞു. മൊറട്ടോറിയം കാലം വായ്പ്പാ കുടിശിക വരുത്തിയ കാലമായി കാണില്ല, മേത്തയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയും വ്യക്തമാക്കി.
മൂന്നു മാസത്തേക്കായിരുന്നു ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നെ ആറുമാസമാക്കി. ആഗസ്റ്റ് 31ന് ഇതിന്റെ കാലാവധി കഴിഞ്ഞു. ഇതു കഴിഞ്ഞ സാഹചര്യത്തില്‍, അതിനു ശേഷം വരുത്തുന്ന കുടിശിക കുടിശികയായി കാണും. പക്ഷെ ഇവ കിട്ടാക്കടമായി കാണില്ല. തുടര്‍ച്ചയായി 90 ദിവസം (മൂന്നു മാസം) കുടിശിക വരുത്തിയ വായ്പകളാണ് നിഷ്ക്രിയ ആസ്തിയായി കാണുന്നത്, അവര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പത്താം തീയതി വാദം തുടരും.
രണ്ടു വര്‍ഷം മൊറട്ടോറിയം തുടരാമെന്നും എന്നാല്‍, ഇന്നത്തെ രീതിയില്‍ ഇത് നിലനിര്‍ത്താനാവില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: