പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി ഭരണം സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍പ്പോലും വ്യാപിച്ചുകിടക്കുന്ന മാഫിയയായി മാറുകയാണോ? അങ്ങനെ പറയാവുന്ന വിവരങ്ങളാണ് അനുദിനമെന്നോണം പുറത്തുവരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും സിപിഎം നേതാക്കളും അവരുടെ മക്കളും ഇവരുടെയൊക്കെ ഇടനിലക്കാരും ചേര്‍ന്ന ഈ മാഫിയ, സര്‍ക്കാരിനെ ഹൈജാക്കു ചെയ്തിരിക്കുകയാണ്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം നിയമവാഴ്ച അപ്രസക്തമാവുകയും, കൊള്ളയും കൊലയും കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവുമൊക്കെ നിര്‍ബാധം നടക്കുകയും ചെയ്യുന്ന അധോലോക സംവിധാനവുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്നതിന്റെ നടുക്കുന്ന നേര്‍ക്കാഴ്ചകളാണ് ജനങ്ങള്‍ കാണുന്നത്. ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ മലയാളി അനൂപ് മുഹമ്മദിന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഇതിലൊന്നാണ്.
ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് വെറുമൊരു ആരോപണമല്ല. ലഹരിക്കടത്തിന്റെ മുഖ്യ കണ്ണിയായ അനൂപ് മുഹമ്മദ് അന്വേഷണ ഏജന്‍സിയായ എന്‍സിബിക്ക് നല്കിയ മൊഴിയിലാണ് ഇതുള്ളത്. ഇതിനെ പതിവുരീതിയില്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയാനാവില്ല. കയ്യോടെ പിടിക്കപ്പെടുകയാണ് എന്നറിഞ്ഞതോടെ ബിനീഷ് കോടിയേരി പുതിയൊരു അടവു നയം പ്രയോഗിക്കുന്നു. അനൂപുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും, ആറ് ലക്ഷം രൂപ കടം നല്‍കിയിട്ടുണ്ടെന്നുമാണ് ബിനീഷ് പറഞ്ഞത്. തുടക്കം തന്നെ ഇങ്ങനെയങ്ങ് സമ്മതിച്ച് ഇതിലപ്പുറം ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. വെറുമൊരു സുഹൃദ്ബന്ധമല്ല ഇരുവരും തമ്മിലുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഹോട്ടല്‍ വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പനയാണ് അനൂപ് നടത്തിയിരുന്നതെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സിനിമാതാരങ്ങളടക്കമുള്ളവര്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ലഹരി വില്‍പ്പന മുന്‍നിര്‍ത്തി കോട്ടയത്ത് അനൂപ് ഒരു നിശാപാര്‍ട്ടി സംഘടിപ്പിച്ചതായും, ഇതില്‍ ബിനീഷ് പങ്കെടുത്തതായും വിവരങ്ങള്‍ പുറത്തുവരികയാണ്. ഇക്കാര്യം അനൂപ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായും പറയപ്പെടുന്നു. അനൂപ് മുഹമ്മദിന്റെ വെറുമൊരു സുഹൃത്തല്ല ബിനീഷെന്നും, ലഹരിക്കടത്തുകാരനായ അയാളുടെ കൂട്ടുകച്ചവടക്കാരനുമാവാം എന്നുമാണ് കരുതേണ്ടത്. അനൂപ്, ബിനീഷിന്റെ ബിനാമിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍ വിവാദമാവുമ്പോള്‍ അവയൊക്കെ നിസ്സാരവല്‍ക്കരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും കോടിയേരി ഒരു മടിയും കൂടാതെ ഈ മക്കള്‍ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് മക്കളുടെ ദുഷ്പ്രവൃത്തികളെന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നു. കോടിയേരി വെറുമൊരു വ്യക്തിയല്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാള്‍. ആ സ്വാധീനം ഉപയോഗിച്ചാണ് മക്കള്‍ അധോലോക നേതാക്കളെപ്പോലെ പെരുമാറുന്നത്. അനൂപ് മുഹമ്മദ് പിടിയിലായിരിക്കുന്നത് ലഹരിക്കടത്തു കേസിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസുമായി ഇയാള്‍ക്കുള്ള ബന്ധവും പുറത്തായിട്ടുണ്ട്. ഇവരെല്ലാവരും ഉള്‍പ്പെടുന്ന വലിയൊരു കൊള്ളസംഘമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യക്തം. ഇത്തരമൊരു സര്‍ക്കാരിന് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: