കണ്ണൂര്‍: ജില്ലയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം അപലപിച്ചു. അക്രമ സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ യോഗം എല്ലാവര്ക്കും നിര്‍ദേശം നല്കി.
ജില്ലയില്‍ അടുത്തകാലത്തായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. പ്രാദേശിക തലങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പോലിസ് സ്റ്റേഷന് തലങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് സമാധാന യോഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചു. എന്നാല്‍ വരുംദിനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു മാത്രമേ നടത്താവൂയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേദശം നല്‍കിയതായി എസ്പി ജിഎച്ച് യതീഷ് ചന്ദ്ര പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ എന്‍. ഹരിദാസ് (ബിജെപി), ഒ. രാഗേഷ് (ആര്‍എസ്എസ്), കെ.പി. സഹദേവന്, പി.വി. ഗോപിനാഥ് (സിപിഎം), ചന്ദ്രന് തില്ലങ്കേരി (ഐഎന്‍സി), അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍), സി.പി. സന്തോഷ്കുമാര്‍ (സിപിഐ), മഹ്മൂദ് പറക്കാട്ട് (ഐഎന്‍എല്‍), പി.പി. ദിവാകരന് (ജെഡിഎസ്), രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ് ബി), ജോയ് കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ് എം), വല്സന് അത്തിക്കല്‍, മാത്തുക്കുട്ടി ചന്തപ്ലാക്കല്‍ (കേരള കോണ്‍ഗ്രസ് ജെ), എം. ഉണ്ണികൃഷ്ണന് (കോണ്‍ഗ്രസ് എസ്), എം. പ്രഭാകരന് (എന്‍സിപി), സി.എ. അജീര്‍ (സിഎംപി), മുഹമ്മദ് ഇംതിയാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), കെ.ഒ. ജയകൃഷ്ണന് (വിഎച്ച്പി), സി.പി. ശക്കീര്‍ (കെഎന്‍എം), റവ. മാത്യു ബേബി, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: