തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. മൂന്നു മാസത്തെ ദൃശ്യങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ സംഘം ആവശ്യപ്പെട്ടെങ്കിലും പൂര്‍ണമായും അതു ലഭിച്ചിട്ടില്ല. ഒരു ഹാര്‍ഡ് ഡിസ്കിലെ ദൃശ്യങ്ങള്‍ ലഭിച്ചതില്‍ തന്നെ നിരവധി തവണ സ്വപ്ന സെക്രട്ടേറിയറ്റില്‍ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സ്വപ്നയ്ക്കൊപ്പം മറ്റു ചിലരുമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫിസിലെ ദൃശ്യങ്ങളുമാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്. ഇതിനൊപ്പം സെക്രട്ടേറിയറ്റ് അനെക്സിലെ രണ്ട് ബ്ലോക്കുകളുടെ ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണു മന്ത്രി കെ ടി ജലീലിന്റെ ഓഫീസിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചത്.. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നെന്ന് തെളിവുകള്‍ ലഭിച്ച അടിസ്ഥാനത്തിലാണ് ഇത്. കോണ്‍സുലേറ്റിന്റെ വിഷ്വലുകളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഇവ കൂടാതെ സ്വപ്ന പങ്കെടുത്ത എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെയും വീഡിയോകളും ശേഖരിച്ചിട്ടുണ്ട്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കാര്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനത്തിന്റെ വീഡിയോകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ളതാണ് നെടുമാങ്ങഡിലെ ഈ കാര്‍ വര്‍ക്ക് ഷോപ്പ്. ഈ ഉദ്ഘാടനത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: