ദുബായ്: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ചെന്നൈ സൂപ്പര്‍ കിങ്സിലെ പതിമൂന്ന് പേര് ഒഴിച്ചുള്ള എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായതായി ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കെ.എസ്.വിശ്വനാഥന്.
ടീമംഗങ്ങള്‍ നാളെ വീണ്ടും പരിശോധനയ്ക്ക് വിധേയരാകും. വെള്ളിയാഴ്ച ടീമിന് പരിശീലനം ആരംഭിക്കാനാകുമെന്ന് വിശ്വനാഥന് പറഞ്ഞു.കഴിഞ്ഞ ദിവസം കൊറോണ സ്ഥീരികരിച്ച കളിക്കാരായ ദീപക് ചഹാറും ഋതുരാജും പതിനാല് ദിവസത്തെ ക്വാറന്റൈനുശേഷമേ പരിശീലനത്തിനിറങ്ങൂയെന്നും അദ്ദേഹം വെളിപ്പെടുത്തി.ഈ മാസം പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം പേസര്‍ ദീപക് ചഹാറിനും ബാറ്റ്സ്മാന് ഋതുരാജ് ഗെയ്ക്ക്വാദിനും രോഗം സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ചെന്നൈ ക്യാമ്പ് സമ്മര്‍ദത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് റെയ്ന ഐപിഎല്ലില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങിയിരുന്നു.
അതിനിടെ ചെന്നൈയുടെ പ്രധാന വിദേശതാരങ്ങളായ ഫാ ഡുപ്ലെസിസും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്നലെ ദുബായിലെത്തി. ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ് ദുബായിലേക്കുള്ള യാത്ര വീണ്ടും നീട്ടിവച്ചു. പിന്മാറുകയാണെന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഹര്ഭജന് എത്തുമെന്ന് തന്നെയാണ് ചെന്നൈ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
ഹര്‍ഭജനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്. ഏറെ പരിചയസമ്പന്നനായ ഹര്ഭജന് കൂടി ടീമിനൊപ്പം ചേരുന്നത് ഞങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തും. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും ടീം മാനേജ്മെന്റ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: