ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് സുപ്രീംകോടതി വേഗത്തില്‍ പരിഗണിക്കുന്നതില്‍ പ്രതികള്‍ക്ക് വെപ്രാളം. ബെഞ്ച് മാറ്റി കേസ് പരിഗണിച്ച് വാദം തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ച് കേസ് ഉടന്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയതോടെ കേസ് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ കെഎസ്ഇബി മുന്‍ ചെയര്മാന് ആര് ശിവദാസന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ കക്ഷികളായ തങ്ങളുടെ സമ്മതമില്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണമെന് ആവശ്യവുമായി കേസില്‍ പുതുതായി കക്ഷി ചേരാനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നുമാണ് ശിവദാസന്റെ അഭിഭാഷകന് പി.വി ശരവണരാജ രജിസ്ട്രിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ലാവ്ലിന് ഹര്‍ജികള്‍ പരിഗണിക്കരുത്. വിശദമായ വാദം കേള്‍ക്കേണ്ടതുള്ളതിനാല്‍ തുറന്ന കോടതി തന്നെ വേണമെന്നാണ് അഭിഭാഷകന ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിലേക്കുള്ള കേസ് മാറ്റം പ്രതികളെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായവരെയും അസ്വസ്ഥമാക്കിയിട്ടുണ്ട്.
കേസിലെ ഏഴാം പ്രതിയും അന്നത്തെ വൈദ്യുതി മന്ത്രിമായുമായിരുന്ന പിണറായി വിജയന്, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, എട്ടാം പ്രതി മുന്‍ ഊര്‍ജ്ജ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. 2017 ആഗസ്ത് 23ന് ഇതു ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
കീഴ്ക്കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് സിബിഐ നല്കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ പ്രതികളായി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ കസ്തുരി രംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി. രാജശേഖരന് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിണറായി വിജയനെ വെറുതെ വിട്ടപോലെ തങ്ങളെയും വെറുതെ വിടണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: