സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ച തീ പടര്‍ന്നത് സുപ്രധാന സ്ഥാപനങ്ങളും വകുപ്പുകളും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പില്‍പെട്ട പ്രോട്ടോകോള്‍ ഓഫീസില്‍ തീ പടര്‍ന്നത് യാദൃച്ഛിക സംഭവമായി കാണാന്‍ കഴിയില്ല. അഗ്നിബാധ നിസ്സാരമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സെക്രട്ടേറിയറ്റിനകത്ത് മേല്‍ത്തട്ടില്‍ നിന്നു കട്ടപ്പുക ഉയരുന്നത് കണ്ട് ജനങ്ങളാകെ അമ്പരന്നു. പലരും ഓടിയെത്തി. രാഷ്ട്രീയ നേതാക്കളില്‍ ആദ്യമെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പിറകെ സ്ഥലം എംഎല്‍എ വി.എസ്. ശിവകുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് എംഎല്‍എമാരുമെത്തി. തീ പടര്‍ന്ന മേഖലയിലേക്ക് കടക്കാന്‍ ആദ്യം പ്രതിപക്ഷ നേതാവിനെ പോലും അനുവദിച്ചില്ല. കുത്തിയിരിപ്പ് പ്രഖ്യാപിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനും മറ്റും പ്രവേശനാനുമതി ലഭിച്ചത്.
പ്രോട്ടോകോള്‍ ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിട്ടിരുന്നു എന്ന് പറയുന്നു. എങ്കിലും രണ്ട് ജീവനക്കാര്‍ എത്തിയത്രെ. ഫാനില്‍ നിന്നാണ് തീ ഉത്ഭവിച്ചതെന്ന് ഒരു ന്യായം. കമ്പ്യൂട്ടറില്‍ നിന്ന് തീ വന്നു എന്ന് ആദ്യ നിഗമനം. ഏതായാലും സുപ്രധാന കടലാസ് ഫയലുകളുള്ള ഭാഗത്ത് തന്നെ തീ വന്നതിലും നിരവധി ഫയലുകള്‍ കത്തിയതിലും ദുരൂഹത ഉണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പിന്റെ ആസ്ഥാനത്ത് അഗ്നി പടര്‍ന്നിട്ടും ഇത് എഴുതുംവരെ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചില്ല. കത്തുന്ന സമയത്തും തുടര്‍ന്നും സെക്രട്ടേറിയറ്റിനകത്ത് ഇരിപ്പുറപ്പിച്ച മന്ത്രി ഇ.പി. ജയരാജനോ ജില്ലാ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനോ തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഒന്നും കത്തിയില്ലെന്ന് ഇരുവരും പറയുന്നു. തീയില്ലാതെ പുക ഉയരുമോ എന്നതിന് ഇരുവരും മറുപടി നല്‍കിയില്ല. സെക്രട്ടേറിയറ്റ് വളപ്പില്‍ കലാപമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ആസൂത്രിത നീക്കം നടത്തിയെന്നാണ് ഇരുവരുടെയും ആക്ഷേപം.
നയതന്ത്ര മേഖലയുടെ സൗകര്യം ദുരുപയോഗിച്ചുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും മറ്റും പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി വഴിവിട്ട ഇടപാടുകളും വെളിച്ചത്തു വന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അതിന്റെ സിരാകേന്ദ്രമാണെന്നും ബോധ്യമായി. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍-ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പുറത്തായത്. ശിവശങ്കറും കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉള്‍പ്പെട്ടവരുടെ വിദേശയാത്ര, സെക്രട്ടേറിയറ്റിലെ സന്ദര്‍ശനം, മന്ത്രിമാരുമായുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച പല രേഖകളും പ്രോട്ടോകോള്‍ ഓഫീസിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദിച്ച പല ഫയലുകളും ഇനിയും പുറംലോകം കാണാനുണ്ട്. സിസിടിവിയുടെ കോപ്പിയും ലഭ്യമാകാനുണ്ട്. സിസിടിവി ഇടിമിന്നലില്‍ കേടായി എന്നൊരു ന്യായം നേരത്തെ പറഞ്ഞത് കളവാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വേണം പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തെ കാണാന്‍.
രാജാവിനെക്കാള്‍ രാജഭക്തി പ്രകടിപ്പിക്കുന്ന പോലീസുകാരും ഉദ്യോഗസ്ഥരും അരങ്ങുവാഴുന്ന മേഖലയാണ് സെക്രട്ടേറിയറ്റ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ രാപകലില്ലാത്ത ജോലിയെ തുടര്‍ന്ന് നിര്‍ണായകമായ ഒട്ടേറെ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. നിരവധി പേര് പിടിയിലുമായി. ഇനി സ്രാവുകളിലേക്കും അന്വേഷണമെത്തുമെന്ന് ഉറപ്പായി. മന്ത്രി കെ.ടി. ജലീല്‍ മാത്രമല്ല, ജലീലിന്റെ ഗോഡ് ഫാദറെന്ന മട്ടില്‍ പെരുമാറുന്ന മുഖ്യമന്ത്രിക്കും ”ഞാനൊന്നുമറിഞ്ഞില്ലേ” എന്ന സമീപനം സ്വീകരിച്ച് രക്ഷപ്പെടാനാവില്ല. പഴുതടച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് ആശ്വസിച്ച മുഖ്യമന്ത്രിക്ക് തന്നെ ഇപ്പോള്‍ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുന്നു. ഇത് നേരിട്ട് അറിയുന്നവരുടെ കുബുദ്ധിയില്‍ ഉദിച്ചതല്ലേ ഈ തീപിടിത്തമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത്തരക്കാരെ കുറ്റപ്പെടുത്താനാവില്ല. സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയാണ് ഇതിന് പിന്നിലുണ്ടാവുക എന്ന് പറയുന്നില്ല. പക്ഷേ ഇ.പി. ജയരാജന്റെ സാന്നിധ്യവും പിന്നീട് വന്ന പ്രതികരണങ്ങളും എന്തൊക്കെയോ മണം പരത്തുന്നു.
പ്രോട്ടോകോള്‍ ഓഫീസ് സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനുള്ള സ്ഥലമാണ്. എല്ലായ്പ്പോഴും ശീതളിമയുള്ള ഇവിടെ ഒരു തുരുമ്പിച്ച ഫാനിന്റെ ആവശ്യമെന്തായിരുന്നു?. ആളില്ലാത്ത ഈ ഓഫീസില്‍ എന്തിനായിരുന്നു ഇത് കറക്കിക്കൊണ്ടിരുന്നത്? ഏതായാലും കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് എഫ്ഐആര്‍ ഇട്ടു. അന്വേഷണ ചുമതലയുള്ള പോലീസുമെത്തി. ഈ പോലീസ് തെളിവ് തേടുമോ, അതോ നശിപ്പിക്കുമോ? തെളിവ് സ്ഥിരീകരിക്കാന്‍ വരുന്ന വിദഗ്ദ്ധ സംഘത്തിന്റെ ദൗത്യവും എന്താകും? സംശയം പലതാണ്. സംശയങ്ങള്‍ പലതും ഉയര്‍ന്നപ്പോഴാണ് പൊതുജനങ്ങള്‍ രോഷവുമായി ഇന്നലെ റോഡിലിറങ്ങിയത്. അവരെ അടിച്ചൊതുക്കാനാണ് പോലീസിന് കിട്ടിയ തിട്ടൂരം. നന്നായി അതവര് പ്രയോഗിക്കുകയും ചെയ്തു. നിരവധി പേരാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കിടക്കുന്നത്. ഇത് തീക്കളിയാണ്. ജ്വാലയായി പടരുമ്പോള്‍ ചാമ്പലാകുന്നത് ജനങ്ങളല്ല, സര്ക്കാരാണെന്നോര്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: