മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും നാളെ ഒരു കാലത്ത് എങ്ങനെയെങ്കിലും പിടിച്ചുകയറുമെന്ന ഇച്ഛാശക്തി മനസ്സില്‍ കെടാതെ സൂക്ഷിക്കണം. സഹജീവിയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആപത്തു കാലത്തു പിന്തുണയ്ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്മ വന്നാല്‍ മാത്രമേ കൊറോണക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള വിഷാദം അനുഭവിക്കുന്നവര്‍ക്ക് വേണ്ടത് നാല് കാലില്‍ വീഴുന്ന ഒരു പൂച്ചയുടെ മനസ്സാണ്. തൊഴില്‍ നഷ്ടത്തിന്റെ കാലത്ത് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ചെയ്തുകൊണ്ടിരുന്ന ജോലി മാത്രമേ ചെയ്യൂ എന്ന ശാഠ്യം പാടില്ല. നമ്മുടെ വൈഭവം ഉപയോഗിച്ച് ഈ കാലഘട്ടത്തിനു ചേര്‍ന്ന എന്ത് ചെയ്യാന്‍ പറ്റുമോ അത് ചെയ്ത് പിടിച്ചു നില്‍ക്കുകയും ഒരുപക്ഷെ ഈ കാര്‍മേഘം അകന്നു കഴിയുമ്പോള്‍ നാം ചെയ്തുവന്നിരുന്ന ജോലിയിലേക്ക് തിരിച്ചുവരാനുള്ള ഒരു തുറന്ന മനസ്സുണ്ടാവുകയും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ തിരിച്ചുപിടിച്ച ഒട്ടേറെ ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ആത്മവിശ്വാസം നല്കുന്ന ഈ മാതൃക എല്ലാവര്ക്കും അവലംബിക്കാം.
കൊറോണ ഉണ്ടാക്കുന്ന അനിശ്ചിതത്വം ഒരു യാഥാര്‍ഥ്യമാണ്. പക്ഷെ ഈ രോഗത്തെ ശാസ്ത്രം കീഴടക്കി സാധാരണ ജീവിതം സാധ്യമാക്കുമെന്നതില്‍ ആശങ്ക വേണ്ട. ആ പ്രത്യാശ ഏവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണം. ഏത് ദുരന്തത്തെയും മനുഷ്യര്‍ക്ക് അതിജീവിച്ചേ പറ്റൂ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുമായി സമരസപ്പെട്ടു മുന്നോട്ടു കുതിക്കാനുള്ള ഇച്ഛാശക്തിക്കൊപ്പം ആ ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ അതിജീവനം ഉണ്ടാകുന്നത്. കൊറോണ ബാധ ജീവിതചര്യകളില്‍ പുതിയൊരു ചിട്ടയും ക്രമവും ആവശ്യപ്പെടുന്നു. മുഖാവരണവും കൈകഴുകലുമൊക്കെയായി നാം സമരസപ്പെട്ടു. പക്ഷെ ഈ ചിട്ടകളില്‍ സാമൂഹിക അകലവുമായി നാം അത്രതന്നെ പൊരുത്തപ്പെട്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെയാണ് സമ്പര്‍ക്ക കേസുകള്‍ ദിനംപ്രതി കൂടി വരുന്നത്. നിരവധി പേര്‍ക്ക് രോഗ ഭീതിയുണ്ട്. എന്നാല്‍ സൃഷ്ടിപരമായ ഭയം ഉണ്ടായിട്ടില്ല. പെരുമാറ്റങ്ങള്‍ കുറച്ചു കൂടി ചിട്ടപ്പെടുത്തുന്നതിലേക്ക് നയിക്കുന്നതാണ് സൃഷ്ടിപരമായ ഭയം. കൊറോണക്കാലത്ത് ഒരു പുതിയ ഗാര്‍ഹികാന്തരീക്ഷം രൂപപ്പെടുത്തണം. സ്ത്രീകള്‍ക്ക് അധിക ജോലിഭാരവും സംഘര്‍ഷങ്ങളും കൂടുന്നു. ഗാര്‍ഹിക പീഡനത്തിന് കൂടുതലായി ഇരയാകുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമുള്ള സംഘര്‍ഷങ്ങള്‍ കുടുംബജീവിതത്തെ ബാധിക്കാതെ നോക്കണം. കുട്ടികളുടെ ആത്മഹത്യാ കണക്കുകള്‍ ആത്മപരിശോധനയ്ക്കു വഴിയൊരുക്കണം. ആരോഗ്യകരമായ രീതിയിലാവണം മനസ്സിന്റെ പിരിമുറുക്കങ്ങളെ കീഴടക്കേണ്ടത്. മദ്യപാനം, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണം. കൂടുതല്‍ ദുരന്തങ്ങളിലൂടെയുള്ള തിരിച്ചടികള്‍ ഒഴിവാക്കാന്‍ പ്രകൃതിയെ കുറെക്കൂടി സ്നേഹിക്കണം.
ഡോ. സി. ജെ. ജോണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: