തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സര്‍ക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. എന്തു നടന്നാലും അതിന്റെ ഉത്തരവാദി താനാണെന്ന് വീമ്പു പറയുന്ന ബഷീര്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് അടൂര്‍ പ്രകാശ്.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരാണ് ശിവഗിരിയും അതുമായി ബന്ധപ്പെട്ട ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളും കോര്‍ത്തിണക്കി ശിവഗിരി ടൂറിസം വികസന സര്‍ക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തിയ ഇടപെടല്‍ ഫലം കാണുകയും പദ്ധതി പുനഃസ്ഥാപിക്കുകയും ഉണ്ടായി. പദ്ധതി വീണ്ടും പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ശ്രമം കൊണ്ടാണ് പുനഃസ്ഥാപിച്ചതെന്ന എംപിയുടെ പ്രസ്താവന ഉളുപ്പില്ലായ്മയാണ് വ്യക്തമാക്കുന്നതെന്ന് സുധീര്‍ പറഞ്ഞു.
മൂന്നുമാസം മുമ്പാണ് കേന്ദ്രമന്ത്രി വി. മുരളീധരന് ഇടപെട്ട് പദ്ധതി പുനഃസ്ഥാപിച്ചത്. ഇക്കാലമത്രയും കുംഭകര്‍ണസേവ നടത്തുകയായിരുന്ന എംപി അവകാശവാദവുമായി വന്നതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വര്‍ക്കലയ്ക്കോ ശിവഗിരിക്കോ വേണ്ടി ഒന്നും ചെയ്യാത്തവരാണ് ബിജെപി ഭരണത്തിലെ നേട്ടങ്ങള്‍ തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നത്.
ശിവഗിരിയോടും ഗുരുദേവ ദര്ശനങ്ങളോടുമുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ആദരവുമാണ് ശിവഗിരി വികസനത്തിലൂടെ വ്യക്തമാകുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രത്യേക താല്‍പ്പര്യമാണ് പദ്ധതി പുനഃസ്ഥാപിച്ചതിന്റെ പിന്നില്‍. ജനങ്ങളില്‍ തെറ്റിധാരണ പരത്തി നേട്ടമുണ്ടാക്കാമെന്ന വ്യാമോഹമാണ് അടൂര്‍ പ്രകാശിനുള്ളത്. ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച എംപി മാപ്പു പറയണമെന്നും പി. സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: