ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ച രണ്ടുപേർ മരിക്കുകയും സമ്പർക്ക രോഗികളുടെ എണ്ണം 18 ആവുകയും ഒരാൾ നിരീക്ഷണത്തിലിരിക്കെ മരിക്കുകയും ചെയ്തതോടെ ഇരിട്ടിയിൽ പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിച്ചു. ഉറവിടം അറിയാതെ ആദ്യം രോഗം ബാധിച്ച പടിയൂർ കൊശവൻ വയൽ സ്വദേശി വ്യാഴാഴ്ച്ചയും ഇയാളിൽ നിന്നും സമ്പർക്കം വഴി രോഗം പകർന്നെന്നു സംശയിക്കുന്ന പായം ഉദയഗിരി സ്വദേശി വെളളിയാഴ്ച്ചയുമാണ് മരിച്ചത്. രണ്ട് പേരുടേയും കുടുംബങ്ങളിലുള്ളവരും രോഗം ബാധിച്ച് ചികിത്സയിലാണ്.
ഇരിട്ടി നഗരസഭയിൽ മാത്രം അഞ്ച് വാർഡുകൾ കണ്ടയിൻമെന്റ് സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം , പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. ഇരിട്ടിയിൽ എടക്കാനം , പുന്നാട്, ഉളിയിൽ , ആട്യലം, പെരിയത്തിൽ വാർഡുകളാണ് കണ്ടയിൻമെന്റ് സോണാക്കി അടച്ചിട്ടത്.
ഇരിട്ടി ടൗൺ വാർഡിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പേരുമായി സമ്പർക്കം ഇല്ലാഞ്ഞതിനാൽ വീടിന്റെ 100 മീറ്റർ ചുറ്റളവ് കണ്ടയിൻമെന്റ് സോണാക്കി പ്രദേശത്തേക്കുള്ള വഴികൾ അടച്ചു. കഴിഞ്ഞ ദിവസം സമ്പർക്കത്തെ തുടർന്ന് അടച്ച ഇരിട്ടി യിലെ ഗ്രാമീണ ബാങ്ക് വെള്ളിയാഴ്ച തുറന്നു . ബാങ്കിന്റെ സിസി ക്യാമറ പരിശോധിച്ച് രോഗം ബാധിച്ചയാൾ എത്തിയ സമയവും ആസമയം ബാങ്കിലുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും നടപടി സ്വീകരിച്ചു.
മാക്കൂട്ടം -ചുരം പാതവഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ യാത്രയ്ക്കിടയിൽ പ്രധാന ടൗണുകളിലും മറ്റും ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകളും പോലീസ് ശക്തമാക്കിയിട്ടുണ്ട.മേഖലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മുഴുവൻ സ്രവ പരിശോധനയ്ക്ക് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളും താലൂക്ക് ആസ്പത്രിയിൽ ആരംഭിച്ചിട്ടുണ്ട്. ആസ്പത്രിയിൽ വെച്ച് സമ്പർക്കത്തിലായ 100ഓളം പേരുടെ പരിശോധന ഇതിനകം പൂർത്തിയായി. അവശേഷിക്കുന്നവരെ കണ്ടെത്തി സ്രവമെടുക്കുന്ന നടപടികളും പുരോഗമിക്കുന്നു. നാലുദിവസമായി അടച്ചിട്ട താലൂക്ക് ആസ്പത്രിയിലെ കാഷ്വാലിറ്റിയും ലാബും തുറക്കുന്നതിന് അണുമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു. ആളുകൾ കൂട്ടാമായി എത്തുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യപ്രവർത്തകരും പോലീസും പരിശോധന നടത്തിവരുന്നു .വൈകിട്ട് അഞ്ചമണിക്ക് ശേഷവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കടകളും കണ്ടെത്തി നടപടിഎടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: