പള്ളഞ്ചി: കുട്ടികളടക്കമുള്ളവര്‍ കുത്തിയൊഴുകുന്ന ചാലിനു മുകളിലൂടെ കവുങ്ങിന് പാലത്തില്‍ക്കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്. ദേലംപാടി പഞ്ചായത്തിലെ ബാളംകയിലാണ് കവുങ്ങിന് തടികള്‍ കൊണ്ട് നാട്ടുകാര്‍ നിര്‍മിച്ച പാലത്തിലൂടെ ഈ സാഹസികയാത്ര. ഇതില്‍ കയറിയാല്‍ പാലമൊന്നു കുലുങ്ങും. മരത്തടി കൊണ്ടുണ്ടാക്കിയ കൈവരി പിടിച്ചാണ് അക്കരേക്കുള്ള യാത്ര. താഴെ കുത്തിയൊലിച്ചു പോകുന്ന ചാലില്‍ നോക്കിയാല്‍ തലചുറ്റും. ജീവന് പണയംവെച്ചാണ് യാത്ര. നാലുവര്‍ഷം മുമ്പ് ചാലില്‍ കുഴിയെടുത്ത് സിമന്റ് പൈപ്പ് കുത്തനെവെച്ച് അതില്‍ കല്ലും മണ്ണും നിറച്ച് മുകളില്‍ കവുങ്ങിന്‍തടി പാകിയാണ് താത്കാലികപാലം നിര്‍മിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മേല്‍പ്പാലം ഒഴുകിപ്പോയിരുന്നെങ്കിലും നാട്ടുകാര്‍ പാലം പുനഃസ്ഥാപിച്ചു. പയസ്വിനിപ്പുഴയുടെ കൈവഴിയായ ഈ ചാലില്‍ ശക്തമായ നീരൊഴുക്കാണുള്ളത്. ഏത് സമയത്തും അപകടം സംഭവിക്കാം. ബാളംകയ, നെച്ചിപ്പടുപ്പ്, ജെഡിയാര്‍ എന്നിവിടങ്ങളിലെ 100ലധികം കുടുംബങ്ങള്‍ക്ക് മഴക്കാലത്ത് ഈ സാഹസികയാത്ര പതിവാണ്. ഇവിടെ ഒരു പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാലിന്റെ ഇരുവശവും വനംവകുപ്പിന്റെ സ്ഥലമായതിനാല്‍ പാലം നിര്‍മാണത്തിന് അനുവാദം ലഭിക്കുന്നില്ല. മനുഷ്യാവകാശ കമ്മിഷനിലടക്കം പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല.
സ്കൂള്‍, ആശുപത്രി, ബാങ്ക്, ഓഫീസുകള്‍ തുടങ്ങി ഏതാവശ്യത്തിന് പോകണമെങ്കിലും ഈ കവുങ്ങിന്‍പാലം കടക്കണം. ഇതല്ലാതെ ഇവിടത്തെ ജനങ്ങള്‍ക്ക് മറ്റൊരു വഴിയില്ല. വേനല്‍ക്കാലത്ത് ചാലില്‍ വെള്ളം ഇറങ്ങുന്നതിനാല്‍ ചാല് ഇറങ്ങിക്കടന്ന് പോകാന്‍ കഴിയും. വാഹനങ്ങളും ഈ സമയത്ത് ചാല് കടന്നുപോകും. എന്നാല്‍ മഴക്കാലത്ത് ചാലില്‍ ജലനിരപ്പ് കൂടുന്നതോടെ കവുങ്ങിന്‍തടി കൊണ്ടുണ്ടാക്കിയ പാലത്തിലൂടെ മാത്രമേ ഇതുവഴിയുള്ള യാത്ര സാധ്യമാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: