കരുനാഗപ്പള്ളി: മലയോരമേഖലയെ പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ ആലപ്പാട്ട് നിന്നുള്ള കേരള സൈന്യത്തിന്റെ ആദ്യ ബാച്ച് പുറപ്പെട്ടു. ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍ നിന്നും എട്ടു വള്ളങ്ങളുമായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്.
രാവിലെ അഴീക്കല്‍ നിന്നും ലോറികളിലേക്ക് വള്ളങ്ങള്‍ കയറ്റിയാണ് തൊഴിലാളികള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ പ്രളയത്തിലും സംരക്ഷകരായി ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ കിഴക്കന്‍ മേഖലകളിലേക്ക് പോയിരുന്നു. ദുരന്തഭൂമിയിലേക്ക് യാത്രയാകാന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി നിരവധി മത്സ്യത്തൊഴിലാളികളാണ് തയ്യാറായി നില്‍ക്കുന്നത്. നിര്‍ദ്ദേശം കിട്ടിയാല്‍ ഉടനെ അവര്‍ വള്ളവുമായി പുറപ്പെടും.
സഹജീവികളുടെ ജീവന് രക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് മടങ്ങി എത്തുമ്പോള്‍ കേറിക്കിടക്കാനുള്ള കൂരയും ജീവിത സമ്പാദ്യങ്ങളും സുരക്ഷിതമായി അവിടെ ഉണ്ടാകും എന്ന ഉറപ്പ് പലര്‍ക്കും ഇല്ല. രൂക്ഷമായ കടല്‍കയറ്റം മൂലം നിരവധി മത്സ്യത്തൊഴിലാളികളുടെ കിടപ്പാടങ്ങളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം മാറിമാറി വന്ന ഭരണക്കാര്‍ പരിഗണിക്കുന്നില്ലെന്ന് തീരവാസികള്‍ പറയുന്നു.
ആലപ്പാട് മുതല്‍ പണ്ടാരതുരുത്ത് വരെ ഉള്ള പ്രദേശം കടല്‍ഭിത്തി പോലും ഇല്ലാതായിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. പുലിമുട്ട് നിര്‍മിച്ചു നല്‍കാം എന്നു പറഞ്ഞധികാരമേല്ക്കുന്നവര് പിന്നീട് തിരിഞ്ഞു നോക്കാറില്ല. ഇതു മൂലം നൂറുകണക്കിന് വീടുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലും നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ചെറിയഴീക്കലും പണ്ടാര തുരുത്തിലും നടക്കുന്നത്. തങ്ങളുടെ കിടപ്പാടവും സമ്പാദ്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലും സഹജീവികളുടെ ജീവന് രക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളത്തിന്റെ സൈനികര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: