ഓർലാൻഡോ: സമുദ്രങ്ങളിൽ രാസമാലിന്യങ്ങളുടെയും പ്ലാസ്റ്റിക് വസ്തുക്കളുടെയും അനിയന്ത്രിതമായ നിരക്ക് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് മറൈൻ സയൻസ് ജേണലായ ഫ്രണ്ടെയേഴ്സിലെ ഒരു പഠനം വ്യക്തമാക്കുന്നു.
അമേരിക്കയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലെ തീരങ്ങളിൽ ചത്തടിഞ്ഞ ഡോൾഫിൻ, തിമിംഗലം തുടങ്ങിയ മത്സ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് മാരകമായ മെർക്കുറി, ട്രൈക്ളോസാൻ, പ്ലാസ്റ്റിക് വസ്തുക്കളിൽ കാണപ്പെടുന്ന വിഷരാസവസ്തുക്കൾ, സോപ്പിലും ടൂത്ത് പേസ്റ്റിലും കാണപ്പെടുന്ന രാസവസ്തുക്കൾ, കളനാശിനികളായ അട്രാസൈൻ, ഹെർബിസൈഡ് തുടങ്ങിയവയുടെ വലിയ അംശം കണ്ടെത്തിയത്. കടൽ ജീവികളെ സംബന്ധിച്ച് ഏറെ ദോഷകരമാകുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫോർട്ട് പിയേഴ്സിലെ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ മറൈൻ വൈൽഡ് ലൈഫ് ഗവേഷണത്തിലെ പ്രൊഫസർ ഡോ. ആനി പേജ് കർജിയാൻ വ്യക്തമാക്കുന്നു. ഇത്തരത്തിൽ മത്സ്യങ്ങളിൽ രാസമാലിന്യങ്ങൾ കണ്ടെത്തിയത് ഇവയെ ഭക്ഷിക്കുന്ന മനുഷ്യർക്കും ഏറെ ദോഷകരമാകുമെന്നും പഠനം വ്യക്തമാക്കുന്നു.
2012 മുതൽ 2018 കാലഘട്ടങ്ങളിൽ നോർത്ത് കരോലിന മുതൽ ഫ്ലോറിഡ വരെയുള്ള തീരങ്ങളിൽ ചത്ത് അടങ്ങിയ 83 ഡോൽഫിനും നീലതിമിംഗലവും ഉൾപ്പെടുന്ന മത്സ്യങ്ങളിലാണ് ശാസ്ത്രജഞർ പഠനം നടത്തിയത്. ഇവയിൽ പതിനൊന്ന് വിഭാഗങ്ങളിൽ പതിനേഴിലധികം വിഷാംശമുള്ള രാസമാലിന്യങ്ങളാണ് കണ്ടെത്തിയത്. ചിലതിൽ കണ്ടെത്തിയ മെർക്കുറിയുടെ അളവ് ലോകത്ത് മറ്റെങ്ങും ലഭിക്കാത്തതിനും മുകളിലാണ്.
സമുദ്രങ്ങളിൽ രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളുടെയും അളവുകൾ കുറക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം, ഇത്തരത്തിൽ വർധിച്ച വിഷവസ്തുക്കളുടെ കടന്നുകയറ്റം സമുദ്രത്തിലെ ആവാസ വ്യവസ്ഥക്കും ജീവജാലങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല മറിച്ച് മനുഷ്യരാശിക്ക് തന്നെ ദോഷകരമാണെന്നും ഡോ. ആനി പേജ് കർജിയാൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: