മൂന്നാര്‍: അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തോട്ടം തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. ഇതിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരുക്കാന്‍ തയ്യാറാണ്.
രാജമല പെട്ടിമുടിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
പ്ലാന്റേഷന് വകുപ്പ് മന്ത്രിയുമായി സംസാരിച്ച് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും വി. മുരളിധരന് പറഞ്ഞു. കരിപ്പൂരിലും രാജമലയിലും മരിച്ചവര്‍ക്ക് രണ്ട് തുക മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. പാവപ്പെട്ട തൊഴിലാളികളോട് ഇരട്ട നിതീ പാടില്ല. പ്രധാനമന്ത്രി രണ്ട് അപകടങ്ങള്‍ക്കും രണ്ട് ലക്ഷം വീതമാണ് പ്രഖ്യാപിച്ചത്. അപകടത്തിന്റെ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് മുഖ്യമന്ത്രി നേരിട്ടെത്തേണ്ടിയിരുന്നു. എന്താണ് ഇതിന് തടസമെന്നറിയില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായ സൗകര്യങ്ങളാണ് ഇപ്പോഴും ഇവിടെ ഉള്ളതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അപകടം നടന്ന മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നതെന്നും ഇവിടെ വൈദ്യുതി-ഗതാഗത-വാര്ത്താവിനിമയസൗകര്യങ്ങളില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ നാട്ടിലാണ് ഈ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 11.30യോടെയാണ് സംഘം പെട്ടിമുടിയിലെത്തിയത്. രക്ഷാ പ്രവര്‍ത്തനം നേരിട്ട് നടന്ന് കണ്ട് വിലയിരുത്തി. സമീപത്തെ ലയങ്ങളിലും സന്ദര്‍ശനം നടത്തി. അവിടെ താമസിക്കുന്ന ആളുകളോട് സംസാരിച്ചു. സമയം ചെലവഴിച്ചാണ് ഓരോ സ്ഥലങ്ങളും പിന്നിട്ടത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നേതാക്കളായ സി. സന്തോഷ്കുമാര്‍, വി.എന്‍. സുരേഷ്, ജെ. ജയകുമാര്‍, വി.ആര്. അളകരാജ്, കെ.ആര്. സുനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: