ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽപ്പെട്ട ഒരാൾക്ക് കൂടി കോവിഡ് പോസിറ്റിവ്. വെള്ളിയാഴ്ച 9 പേർക്കു കോവിഡ് പോസിറ്റിവായി ഫലം വന്നതായി സൂചന ലഭിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയാണ് അതിന് സ്ഥിരീകരണം വന്നത്. ഇതുകൂടാതെ ഞായറാഴ്ച ഒരു പായം സ്വദേശിക്കുകൂടി പരിശോധനാ ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരണം വന്നതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 11 ആയി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പായം സ്വദേശി കഴിഞ്ഞ 31 നാണ് ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു പോയത്. ആദ്യം രോഗം സ്ഥിരീകരിച്ച പടിയൂർ കൊശവൻ വയൽ സ്വദേശി ആശുപത്രിയിൽ കിടന്ന കാലയളവിൽ തന്നെയായിരുന്നു ഇയാളും ഇവിടെ കിടന്നിരുന്നത്.
കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റീനിൽ പോയിട്ടുണ്ട്. ഇനിയും കൂട്ടിരിപ്പുകാർ ഉണ്ടെന്ന നിരീക്ഷണത്തെത്തുടർന്ന് ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് . ഈ കാലയളവിൽ ഇവിടെ കിടത്തി ചികിത്സ വിഭാഗത്തിൽ എത്തിയവരും ഇവിടെ ഉണ്ടായിരുന്ന രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.
27 മുതൽ 7 വരെ ആശുപത്രിയിൽ എത്തിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും പനി , തൊണ്ടവേദന, ജലദോഷം, ചുമ , ശ്വാസതടസ്സം, രുചിക്കുറവ്, മണം തിരിച്ചറിയാത്ത അവസ്ഥ തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ അടിയന്തരമായി ടെസ്റ്റിന് വിധേയമാകാനും നിർദ്ദേശിച്ചിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംശയമുള്ളവർക്ക് കോവിഡ് പരിശോധനയ്‌ക്കുള്ള സൗകര്യം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് . താത്പര്യമുള്ളവർ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാവുന്നതുമാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ആശുപത്രി പരിസരത്തുള്ള മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങൾ മുഴുവൻ അടപ്പിച്ചു. താലൂക്ക് പരിധിയിലുള്ള ജന വിഭാഗങ്ങളും ജാഗ്രതയിലാവണമെന്ന നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്.
കഴിഞ്ഞ 31 മുതൽ 3 വരെ താലൂക്ക് ആശുപത്രിയിൽ മൂത്രസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന പടിയൂർ കൊശവൻ വയൽ സ്വദേശിക്കാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. കണ്ണൂരിലേക്ക് റഫർ ചെയ്ത ഇയാൾക്ക് ശസ്ത്രക്രിയയ്‌ക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത് . തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മറ്റ് 4 രോഗികൾക്കും 5 കൂട്ടിരിപ്പുകാർക്കൂം കൂടി പൊസിറ്റീവ് ഫലം ലഭിച്ചതായി സൂചന ലഭിച്ചത് . പടിയൂർ കൊശവൻവയൽ സ്വദേശികളായ മറ്റ് 3 പേർ, 2 കല്ലുവയൽ സ്വദേശികൾ, ഉളിയിൽ, വെളിയമ്പ്ര, വാളത്തോട് , മാങ്ങോട് എന്നിവിടങ്ങളിൽ നിന്നുള്ള ഒരോരുത്തർ എന്നിവരായിരുന്നു ഇവർ .
ഇവർ ചിലർ 27 മുതൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആദ്യം രോഗം ബാധിച്ചയാളുടെ ഉറവിടം ഇനിയും കണ്ടെത്താനാകാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. വ്യത്യസ്ത ദേശത്തുള്ളവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നതെന്നും ഇപ്പോൾ രോഗം സ്ഥിരീകരിച്ചവർ ഇരിട്ടി നഗരസഭയിലും ആറളം, അയ്യൻകുന്ന്, പടിയൂർ, പായം പഞ്ചായത്തുകളിൽപ്പെട്ടവരാണെന്നും രോഗ വ്യപന ഭീതിയും ഉയർത്തുന്നു.
കോവിഡ് സ്ഥിരീകരച്ചതായി സൂചന ലഭിച്ചതിനെത്തുടർന്ന് അധികൃതർ താലൂക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരണത്തെ തുടർന്ന് വെള്ളിയാഴ്ച അടച്ചിട്ട ഐപി വിഭാഗവും ലാബും കാഷ്വാലിറ്റിയും തിങ്കളാഴ്ച വരെ തുറക്കില്ല. 11 ന്അണുനശീകരണം നടത്തി ഡി എം ഒയുടെ അനുമതിക്കു ശേഷമേ പ്രവർത്തനം പുനരാംരംഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: