കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രാ വിലക്കിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.ശ്രീകാന്ത് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന ദുരന്ത നിവാരണ സമിതി അധ്യക്ഷനും കൂടിയായ ചീഫ് സെക്രട്ടറിയും അന്തര്‍സംസ്ഥാന യാത്രയ്ക്ക് യാതൊരു അനുവാദവും വേണ്ടായെന്ന് ഉത്തരവ് ഇറക്കിയിട്ടും കാസര്‍കോട് ജില്ലയില്‍ അത് നടപ്പിലാക്കാതെ യാത്രാ വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
കൂടാതെ കര്‍ണാടകയിലേക്കുള്ള റോഡുകള്‍ കാസര്‍കോട് ജില്ലാ ഭരണകൂടം മണ്ണിട്ടും ബാരിക്കേഡ് കൊണ്ടും തടസ്സപ്പെടുത്തിയിരിക്കുന്ന നടപടിയെയും ഹര്‍ജിയില്‍ ശ്രീകാന്ത് ചോദ്യം ചെയ്തിട്ടുണ്ട്.
എന്മകജെയിലെ രണ്ട് വാര്‍ഡുകളും, ദേലംപാടി പഞ്ചായത്തിലെ നാലു വാര്‍ഡുകളും റോഡ് തടസ്സപ്പെടുത്തിയതുമൂലം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. അണ്‍ലോക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും റോഡുകള്‍ തുറന്ന് കൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. റെഗുലര്‍ പാസ് നല്‍കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കേന്ദ്രസംസ്ഥാന നിര്‍ദേശങ്ങള്‍ക്കെതിരാണ്. അപ്രായോഗികവും അശാസ്ത്രീയമാണെന്ന് വ്യക്തമാക്കിയിട്ടുള്ള ഹര്‍ജി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: