കട്ടപ്പന: കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാത്തികുടി പഞ്ചായത്തിലെ രാജപുരത്ത് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കരിമ്പനപ്പാടിയില്‍ ഒരു വീട് പൂര്‍ണമായി തകരുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.
കരിങ്കുളം മീനാക്ഷിയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ മീനാക്ഷി, മക്കളായ രാജന്, ഉഷ എന്നിവരെയാണ് കാണാതായത്. ഇതില്‍ മീനാക്ഷിയുടെ മൃതദേഹം വീടിരുന്ന ഭാഗത്തുനിന്നും അരകിലോമീറ്റര്‍ അകലത്തില്‍ കണ്ടെത്തി. പിന്നീട് 33 ദിവസങ്ങള്‍ക്ക് ശേഷമാണ് പതിനാറാംകണ്ടം തോട്ടില്‍ നിന്നും ഉഷയുടെ മൃതദേഹം കണ്ടെടുത്തത്.
മാസങ്ങള്‍ക്ക് ശേഷം രാജന്റെ കാല് അസ്ഥിയും കണ്ടെടുത്തു. രാജപുരം മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് 2018 ലെ ആഗസ്ത് മാസത്തെ ഓര്‍ക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖല പൂര്‍ണമായും ഒറ്റപെടുകയായിരുന്നു. 18ലധികം കുടുംബങ്ങളാണ് ഈ ഭാഗങ്ങളില്‍ താമസിക്കുന്നത്. ഈ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് മൂന്നു വഴികളാണ് ഉള്ളത്. തേക്കിന്തണ്ട് – പെരിയാര്‍വാലി, തേക്കിന്തണ്ട്- രാജപുരം, പെരിയാര്‍വാലി -പകുതിപ്പാലം എന്നിവയാണ് ആ മൂന്നു വഴികള്‍.
ഉരുള്‍പൊട്ടി ഈ റോഡുകള്‍ പൂര്‍ണമായും തകരുകയും, ഇടുക്കി ജലാശയം തുറന്നുവിട്ടതോടെ പെരിയാര്‍വാലി ചപ്പാത്തില്‍ വെള്ളം കയറിയത്തോടെയും ഇവിടുള്ളവര്‍ ഒറ്റപെടുകയായിരുന്നു. തേക്കിന്തണ്ട് -പെരിയാര്‍വാലി റോഡിന്റെ ഭാഗമായ മൂന്നു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതോടുകൂടി ദുരന്ത നിവാരണ സേനയുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഇവിടെ താമസിച്ചിരുന്ന 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടും ദുരന്തവുമായി ബന്ധപ്പെട്ടും 49 കുടുംബങ്ങളില്‍ നിന്നായി 123 ആളുകളാണ് രാജപുരം ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രാജപുരം ക്രിസ്തുരാജ സ്കൂള്‍, പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും ഇവിടുള്ളവരുടെ ദുരിതത്തിന് യാതൊരുവിധ അറുതിയും വന്നിട്ടില്ല.
സല്‍ജി പി.എന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: