പട്ടാമ്പി: വലിയൊരു ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും പട്ടാമ്പി സ്വദേശികളായ നാലംഗ കുടുംബം മോചിതരായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി അഴകത്ത് മനയില്‍ പരമേശ്വരന്, രവിശങ്കര്‍, ഭാര്യ താരാ ശങ്കര്‍, മകള്‍ അയന രവിശങ്കര്‍ എന്നിവര്‍. പരമേശ്വരന്റെ വിവാഹത്തിനായാണ് കുടുംബം ദുബായ്യില് നിന്ന് യാത്രതിരിച്ചത്.
ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് തന്ത്രി അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ അനിയന് ദാമോദരന്‍ നമ്പൂതിരിയുടെ മക്കളാണ് പരമേശ്വരനും രവിശങ്കറും. റിട്ട. അധ്യാപകരായ ദാമോദരനും ഭാര്യ സുജാത അന്തര്‍ജനവും മക്കള്‍ വരുന്നതറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു. മക്കളും മരുമകളും പേരക്കുട്ടിയും വന്ന വിമാനം അപകടത്തില്പെട്ടന്നറിഞ്ഞതോടെ തകര്‍ന്നുപോയെങ്കിലും നാലുപേരും പരിക്കേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് ആശ്വാസമായി.
രവിശങ്കര്‍ 15 വര്‍ഷമായി ദുബായ്യില് ബയോമെഡിക്കല്‍ വിഭാഗത്തില്‍ ജോലിക്കാരനാണ്. അനിയന് പരമേശ്വരന് മൂന്നുവര്‍ഷമായി ഒരു സ്വകാര്യ കമ്പനിയിലാണ്. താരാ ശങ്കര്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയാണ്.
സെപ്തംബര്‍ ഏഴിന് തൃശൂരില്‍ വച്ചാണ് പരമേശ്വരന്റെ വിവാഹം. രവിശങ്കറും ഭാര്യയും പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും, പരമേശ്വരന് കോഴിക്കോട് മൈത്ര ആശുപത്രിയിലും, അയന കോഴിക്കോട് ബേബി മേമ്മോറിയില്‍ ആശുപത്രിയിലും ചികിത്സയിലാണ്. നാല് പേര്‍ക്കും കാലിന്റെ എല്ലിനും, മുഖത്തും, നട്ടെല്ലിനും പരിക്കേറ്റിറ്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: