ഇടുക്കി: സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി മിക്ക ജില്ലകളിലും ശക്തവും തീവ്രവുമായ മഴയാണ് ലഭിക്കുന്നത്. പലയിടത്തും വെള്ളം പൊക്ക ഭീഷണിക്കൊപ്പം കാറ്റും വില്ലനാകുകയാണ്. നിരവധി സ്ഥലങ്ങളില്‍ കനത്ത കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വലിയ നാശമുണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിയും നശിച്ചു. വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളും തോടും പുഴകളുമുള്ള സ്ഥലങ്ങളുമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലെല്ലാം തന്നെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചെറു നീര്‍ച്ചാലുകള്‍ മുതല്‍ നദികള്‍ വരെ ആര്‍ത്തലച്ചാണ് ഒഴുകുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി കൂടുതല്‍ മഴ കിട്ടിയത് വടക്കന്‍ ജില്ലകളിലാണെങ്കിലും ഇന്നലെ രാവിലെ മുതല്‍ മദ്ധ്യകേരളത്തിലും തോരാമഴ പെയ്ത് തുടങ്ങി. ചൊവ്വാഴ്ച മാത്രം ഇടുക്കിയില്‍ 4 വീടുകള്‍ പൂര്‍ണ്ണമായും, 95 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 452.1 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 109 വീടുകള്‍ക്ക് നാശമുണ്ട്.
ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴയുണ്ട്. ഒട്ടുമിക്കയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലവിലുണ്ട്. ലോ റേഞ്ചില്‍ ഇന്നലെ രാവിലെ വരെ കുറഞ്ഞ് നിന്ന മഴ പിന്നീട് ശക്തമായി. മഴയില്‍ മൂന്നാര്‍-മറയൂര്‍ റോഡിലെ പെരിയവാര താല്‍ക്കാലിക പാലം വെള്ളത്തിനടിയിലായി. ഗതാഗതം വഴി തിരിച്ചുവിട്ടു. ഇതുവഴിയുള്ള ചരക്കുവാഹന നീക്കം നിലച്ചു. 2018ല്‍ തകര്‍ന്ന പാലത്തിന് പകരമായി നിര്‍മ്മിച്ച ഈ പാലം മൂന്ന് തവണ ഇതിന് മുമ്പ് വെള്ളം കൊണ്ടുപോയിരുന്നു.
മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു. ഒരു മാസം മുമ്പ് മണ്ണിടിഞ്ഞതിന് സമീപത്ത് തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞ് വലിയ കൃഷിനാശമുണ്ടായത്. മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പഴയ മൂന്നാറില്‍ നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഹെഡ്-വര്‍ക്സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. അതിശക്തമായ കാറ്റില്‍ ബൈസണ്‍ വാലി ചൊക്രമുടി വനവാസി കുടിയില്‍ 5 വീടുകള്‍ തകര്‍ന്നു. ഹൈറേഞ്ചില്‍ പലയിടത്തും മൂന്ന് ദിവസമായി വൈദ്യുതിയില്ല. ഇതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ വന്‍ മരം കടപുഴകി വീണു. കട്ടപ്പന-ആനവിലാസം റോഡില്‍ ശാസ്താംനടക്ക് സമീപം മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. പാമ്പാര്‍, മുതിരപ്പുഴയാര്‍, നല്ലതണ്ണിയാര്‍, ദേവിയാര്‍, തൊടുപുഴയാര്‍ തുടങ്ങിയ എല്ലാം പുഴകളും നിറഞ്ഞൊഴുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: