അയോധ്യ: വൈദേശികാക്രമണത്തിന്റെ അഞ്ചുനൂറ്റാണ്ടുകള്‍ പഴക്കമുള്ള അപമാനക്കറ കഴുകിക്കളഞ്ഞ് ശ്രീരാമജന്മഭൂമിയില് ഇന്ന് പുതുയുഗപ്പിറവി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമജന്മഭൂമിയിലെ മഹാക്ഷേത്രനിര്മാണത്തിന് ഇന്ന് തുടക്കമിടും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കോടിക്കണക്കിന് വരുന്ന ഹിന്ദുസമൂഹം 492 വര്‍ഷങ്ങളായി കാത്തിരുന്ന ആ പുണ്യ നിമിഷം. ഭൂമിപൂജാ ചടങ്ങുകള്‍ക്ക് ശേഷമാണ് ശിലാസ്ഥാപനം. അയോധ്യയില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. 108 ദിവസങ്ങളായി തുടരുന്ന പൂജകളും യജ്ഞങ്ങളും ഇന്ന് ഭൂമിപൂജയോടെ സമാപിക്കും. നാല്‍പ്പതുകിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക പ്രധാനമന്ത്രി സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിര്‍മാണത്തിന് തുടക്കമാവും.
പ്രധാനമന്ത്രിക്കും സര്‍സംഘചാലകിനും പുറമേ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി എന്നിവരായിരിക്കും വേദിയില്‍. വിവിധ സംന്യാസി പരമ്പരകളിലെ സംന്യാസി ശ്രേഷ്ഠന്മാര് ഭൂമിപൂജാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. മോഹന്‍ ഭാഗവത് ഇന്നലെ വൈകിട്ട് ലഖ്നൗവില്‍ നിന്ന് റോഡ്മാര്‍ഗം അയോധ്യയിലെത്തി. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി അയോധ്യയിലെത്തും. ഹനുമാന്‍ഗാട്ടിയില്‍ പ്രത്യേക പൂജകള്‍ നിര്‍വഹിച്ച ശേഷം രാമജന്മഭൂമിയിലെത്തുന്ന മോദി താല്‍ക്കാലിക രാംലല്ല സ്ഥാപിച്ചിരിക്കുന്നിടത്ത് ആദ്യം പൂജകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് 12.30ന് രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ചടങ്ങുകള്‍ ദൂരദര്‍ശനിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും ലോകമെങ്ങുമുള്ള രാമഭക്തര്‍ക്ക് കാണാനാവും. ഇന്ന് രാവിലെ മുതല്‍ രാജ്യത്താകെ വീടുകളിലും ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. വീടുകളില്‍ വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കും.
യുപിയിലെങ്ങും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അയോധ്യാ ജില്ലയാകെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. രാമജന്മഭൂമിക്ക് കിലോമീറ്ററുകള്‍ അകലെ റോഡുകള്‍ അടച്ചു രാമഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ഭീകരാക്രമണ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങള്‍. പ്രത്യേകം ക്ഷണിച്ച 175 പേര്‍ക്ക് മാത്രമാണ് രാമജന്മഭൂമിയിലേക്ക് ഇന്ന് ഉച്ചവരെ പ്രവേശനം. മൂന്നു നിലകളിലായുള്ള മഹാക്ഷേത്രത്തിന്റെ നിര്‍മാണം മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: