പരവൂര്‍: കോവിഡ് 19 വൈറസ് ഉള്‍പ്പെടെ രോഗങ്ങള്‍ പടരുമ്പോഴും പഞ്ചായത്ത് പ്രദേശം മാലിന്യ മുക്തമാക്കാന്‍ കഴിയാതെ അധികൃതര്‍. നിയമത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ചുള്ള അനധികൃത കോഴിഫാമുകളുടെ പ്രവര്‍ത്തനമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. വ്യാപക പരാതികളെ തുടര്‍ന്ന് അധികൃതര്‍ നോട്ടീസ് കൊടുക്കുമ്പോള്‍ വന്‍കിട കോഴി ഫാം ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി നിയമ ലംഘനം നിര്‍ബാധം തുടരുന്ന അവസ്ഥയാണ് ചിറക്കരയില്‍.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചു കൊണ്ട് തണ്ണീര്‍ത്തടങ്ങളില്‍ പ്രമുഖമായ പോളച്ചിറ ഏലായില്‍ കെട്ടിപ്പൊക്കിയ കോഴിഫാമും പോത്ത് വളര്‍ത്തല്‍ കേന്ദ്രവും നിര്‍ത്തലാക്കുന്നത് പോയിട്ട്, മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് തടയാന്‍ പോലും അധികൃതര്‍ക്ക് ആകുന്നില്ല. നൂറ് കണക്കിന് കര്‍ഷകരുടെ ഉപജീവനമായ പോളച്ചിറ ഏലായിലേക്ക് കോഴിയെ വെട്ടുന്ന മാലിന്യങ്ങള്‍, ചത്തകോഴികള്‍ എന്നിവ ഒഴുക്കി വിടുന്നതുമൂലം കര്‍ഷകര്‍ക്ക് പുല്ല് അറുക്കുന്നതിന് പോലും സാധിക്കുന്നില്ല.
കോഴിയുടെ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് കുന്നുകൂടി കിടക്കുന്നതുമൂലം പ്രദേശമാകെ ഈച്ചകള്‍ നിറഞ്ഞിരിക്കുകയാണ്. കോഴിഫാം കഴുകി ഒഴുക്കി വിടുന്ന ലോഷനുകള്‍ കലര്‍ന്ന വെള്ളം മൂലം പോളച്ചിറയിലെ മത്സ്യസമ്പത്ത് നശിക്കുകയാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇത് അടച്ചുപൂട്ടാന്‍ പലവട്ടം നോട്ടീസ് നല്‍കിയിട്ടും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാന്‍ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല. നടത്തിപ്പുകാര്‍ക്കുള്ള വന്‍ രാഷ്ട്രീയ സ്വാധീനമാണ് അടച്ചുപൂട്ടലിനെ തടസ്സപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോവിഡ് 19 വൈറസുകള്‍ അതിവേഗം പടരുന്ന അവസ്ഥയില്‍ കോഴിമാലിനങ്ങള് നീര്‍ത്തടങ്ങളിലേക്കും തോടുകളിലേക്കും ഒഴുക്കി വിടുകയാണ് ഭൂരിഭാഗം ഫാമുകളും. ഏറം തെക്ക് വാര്‍ഡില്‍ ഒരു ഫാമിന്റെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ മൂലം ജനം പൊറുതിമുട്ടി മുഖ്യമന്ത്രിക്ക് വരെ പരാതി നല്കി കാത്തിരിക്കുകയാണ്. തനി ഗ്രാമീണ മേഖലയായ ചിറക്കര പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളിലും തോടുകളിലും രാത്രി കാലങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കൊണ്ട് നിക്ഷേപിക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: