ന്യൂദല്‍ഹി: മൂന്നര പതിറ്റാണ്ടിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ പഠന നിലവാരം ഉയര്‍ത്തും, കുട്ടികളില്‍ തൊഴിലാഭിമുഖ്യം വളര്‍ത്തും, പ്രാഥമിക, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും. ഡോ. കസ്തൂരി രംഗന് അധ്യക്ഷനായ സമിതിയാണ് സമൂലമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ നയം രൂപീകരിച്ചത്. അടുത്ത വിദ്യാഭ്യാസ വര്‍ഷം ഇത് നടപ്പാക്കിത്തുടങ്ങും. ആറാംക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെട്ട തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കണമെന്നാണ് ശുപാര്‍ശ.
ക്രമക്കേട് ഇല്ലാതാക്കാന്‍ പ്രവേശന പരീക്ഷ
ദേശീയ തലത്തില്‍ കോളേജ് പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വരികയാണ്. വര്‍ഷം രണ്ടു പരീക്ഷ. ഇത് നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പ്രവേശനങ്ങളിലെ വലിയ ക്രമക്കേടുകള്‍ക്ക് അറുതിവരുത്തും. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ശരാശരി നിലവാരം ഉണ്ടെന്നുറപ്പാക്കും.
കോഴ്സ് മുടങ്ങിയാലും വീണ്ടും പഠിക്കാം
മൂന്നു വര്‍ഷത്തേതിനു പുറമേ നാലു വര്‍ഷത്തെ ബിരുദ കോഴ്സാണ് മറ്റൊന്ന്. ഇടയ്ക്കു വച്ച് പഠനം നിര്‍ത്തുന്നവര്‍ക്ക് അവര്‍ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇവര്‍ക്ക് ഇടവേളയ്ക്കു ശേഷം വീണ്ടും അതേ കോഴ്സിനു ചേര്‍ന്ന് പഠനം പൂ
ര്‍ത്തിയാക്കാനും അവസരം നല്‍കും. (ഒരു വര്‍ഷത്തിനുശേഷം സര്‍ട്ടിഫിക്കറ്റ് നേടാം. രണ്ടു വര്‍ഷത്തിന് ശേഷം അഡ്വാന്‍സ്ഡ് ഡിപ്ലോമ നേടാം. മൂന്നു വര്‍ഷത്തിന് ശേഷം ബാച്ചിലേഴ്സ് ഡിഗ്രി, നാലു വര്‍ഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദം) കുടുംബപരവും സാമ്പത്തികപരവുമായ കാരണങ്ങള്‍ കൊണ്ടും രോഗം മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നവര്‍ക്ക് വലിയ സഹായകമാകും ഇത്.
ബോര്‍ഡ് പരീക്ഷയുടെ സമ്മര്‍ദ്ദം കുറയും
കുട്ടികളില്‍ വലിയ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന ഒന്നാണ് നിലവിലെ ബോര്‍ഡ് പരീക്ഷകള്‍. പുതിയ സമ്പ്രദായത്തില്‍ ബോര്‍ഡ് പരീക്ഷകള്‍ സുപ്രധാന കഴിവുകള്‍ പരിശോധിക്കാന്‍ മാത്രമാകും. ഒരു വര്‍ഷം രണ്ടു പരീക്ഷ. ഒന്ന് പ്രധാന പരീക്ഷ. ഒന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ.
കോളജുകള്‍ക്ക് സ്വാതന്ത്ര്യം
ബിരുദം നല്‍കാനുള്ള സ്വാതന്ത്ര്യം, കോളേജുകള്‍ക്ക് നല്‍കും. യൂണിവേഴ്സിറ്റി അഫിലിയേഷന് എന്ന ഏര്‍പ്പാട് എടുത്തുകളയും. കല്‍പ്പിത സര്‍വകലാശാലയെന്ന പദവിയും അവസാനിപ്പിക്കും.
കൊള്ളയടി തടയും
ഉന്നത വിദ്യാഭ്യാസ രംഗം ഇന്ന് കൊള്ളയടിയുടെ പര്യായമാണ്. തോന്നിയ ഫീസ് ആണ് ഈടാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസുകള്‍ക്ക് പരിധി വരും.
യുജിസിയും എംഫില്ലും പഴങ്കഥ
സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഫണ്ട് അനുവദിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് എന്ന യുജിസി ഇല്ലാതാകും. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന് വരും. കോളേജുകളുടെ നിയന്ത്രണവും നിലവാരം നിശ്ചയിക്കലും ഗ്രാന്റ് നല്‍കുന്നതും നിലവാരമളന്ന് അക്രഡിറ്റേഷന് നല്‍കുന്നതും ഈ കമ്മീഷനാകും. എം ഫില്‍ എന്നതും എടുത്തുകളയും.
അധ്യാപകര്‍ പ്രൊഫഷണലാകും;കൂടുതല്‍ നിയമനം
കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ഇതു കണക്കിലെടുത്ത് കൂടുതല്‍ അധ്യാപകരെ നിയമിക്കും. അവര്‍ക്ക് പരിശീലനം നല്‍കും. ഇതിന് ദേശീയ തലത്തില്‍ പൊതു പ്രഫഷണല്‍ മാനദണ്ഡം കൊണ്ടുവരും.
സ്കൂള്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഗുണകരം
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനും നിലവാരമുള്ളതാക്കാനും നിയന്ത്രിക്കാനും ഇന്ന് ഒരു പൊതു സ്ഥാപനം ഇല്ല. ഇതിനു വേണ്ടിയാണ് സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി രൂപീകരിക്കുക.
ഗവേഷണത്തിനും ഉന്നത പഠനത്തിനും വലിയ പിന്തുണ
ന്യൂദല്‍ഹി: ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും മുന്‍കാലത്തെങ്ങും നല്‍കാത്ത പ്രാധാന്യമാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
ക്ലാസ് മുറികളിലെ പഠനങ്ങള്‍ക്ക് അപ്പുറം ഓരോ വിഷയത്തിലും വലിയ തോതില്‍ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. ഇതിലൂടെയാണ് നാം പുതിയ കാര്യങ്ങള്‍ കെണ്ടത്തുന്നതും പുതിയ സാങ്കേതിക വിദ്യകളും മറ്റും വികസിപ്പിക്കുന്നതും. ഇന്ത്യയില്‍ ഇന്ന് വലിയ തോതില്‍ ഗവേഷണം നടക്കുന്നുമുണ്ട്. ഇത്തരം ഗവേഷണങ്ങള്‍ക്ക് കെട്ടുറപ്പും കേന്ദ്രീകൃതസ്വഭാവവും വരാനും ഗവേഷണങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനും മറ്റുമായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപിക്കും.
ഉന്നത വിദ്യാഭ്യാസം ഇന്ന് ചിതറിക്കിടക്കുകയാണ്. പല നിലവാരം, പല തരത്തിലുള്ള നിയന്ത്രണം, പല തട്ടുകളിലുള്ള ഫണ്ടിങ്, കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസം അങ്ങനെ അപാകങ്ങള്‍ ഏറെയാണ്. ഈ പ്രശ്നങ്ങള്‍ നീക്കണം. ഇതിനാണ് മെഡിക്കല്‍-നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (എച്ച്ഇസിഐ) രൂപീകരിക്കുന്നത്. ഈ കമ്മീഷന് നാല് സ്വതന്ത്ര വിഭാഗങ്ങളും രൂപീകരിക്കും.
1. വിദ്യാഭ്യാസത്തിന്റെ നിയന്ത്രണത്തിന് ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍ (എന്‍എച്ച് ഇആര്‍സി) 2. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ കൗണ്‍സില്‍ (ജിഇസി) 3. ധനസഹായം ലഭ്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍ (എച്ച്ഇജിസി) 4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി അവയ്ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അഥവാ അക്രഡിറ്റേഷന് നല്‍കണം.
അതിനാണ് അക്രഡിറ്റേഷനായി നാഷണല്‍ അക്രഡിറ്റേഷന് കൗണ്‍സില്‍ (എന്‍എസി). മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള അധികാരവും ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരൊറ്റ മാനദണ്ഡം തന്നെയാണ് നിശ്ചയിച്ചിട്ടുള്ളതും.
ഈ സമ്പദ്രായം വരുന്നതോടെ ഉന്നത വിദ്യാഭ്യാസം ലോക നിലവാരത്തിലേക്ക് ഉയരും. വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍ കര്‍ശന നിയന്ത്രണം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: