തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ ഹൗസ് കീപ്പിങ് വിഭാഗം ജോയിന്റ് സെക്രട്ടറിയും ഇടത് അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് പ്രസിഡന്റുമായ പി. ഹണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചുവെന്നതില്‍ സംശയം നിലനില്കെ സിസിടിവി കരാര്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നല്‍കിയതിലും ദുരൂഹത.
സെക്രട്ടേറിയറ്റിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നും അത് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയി എന്നുമാണ് ഹണി എന്‍ഐഎയക്ക് നല്കിയ മറുപടി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മുന്നില്‍ കണ്ട എന്‍ഐഎ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അട്ടിമറി നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയക്ക് വേണ്ടി പകര്‍ത്തുകയാണ്.
ഇടിമിന്നലേറ്റ് സിസിടിവിയുടെ സ്വിച്ച് കേടായത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടേറിയറ്റിലെ സിസിടിവി സ്ഥാപിച്ചതിലെ ക്രമക്കേടുകളും പുറത്ത് വന്നത്. കേരളത്തില്‍ നിരവധി കമ്പനികള്‍ ഉള്ളപ്പോള്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്യാമറകളുടെ കരാര്‍ നല്‍കിയത്. ഇതിനായി ടെന്‍ഡറിലെ നിബന്ധനകള്‍ തയാറാക്കിയത് ഹണിയുടെ നേതൃത്വത്തിലാണ്. സിസിടിവി വിപണനത്തില്‍ ഒരു കോടിയുടെ വിറ്റുവരവ് വേണമെന്നാണ് പ്രധാന മാനദണ്ഡം. ഇതോടെ കേരളത്തിലുള്ള കമ്പനികള്‍ക്ക് പങ്കെടുക്കാനായില്ല. തുടര്‍ന്ന് കരാര്‍ ചെന്നൈ കമ്പനിക്ക് നല്കി. കൃത്യസമയത്ത് സര്‍വീസ് ലഭിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി പത്തു ദിവസം പ്രവര്‍ത്തിച്ചില്ല.ചെന്നൈ കമ്പനി സര്‍വീസ് നല്കാത്തതിനാല് കൈതമുക്കിലെ സെക്യുവിഷന്‍ എന്ന സ്ഥാപനത്തെ സമീപിച്ച് പുതിയ സ്വിച്ച് വാങ്ങുകയായിരുന്നു.
സെക്രട്ടേറിയറ്റ് അനക്സ് ടുവിലേക്കുള്ള സിസിടിവി കരാറും ഇതേ ചെന്നൈ കമ്പനിക്ക് നല്‍കാനാണ് നീക്കം. മൂന്ന് കമ്പനികള്‍ കരാറിലുണ്ടങ്കിലും പ്രവര്‍ത്തി പരിചയം കണക്കിലെടുത്ത് ചെന്നൈ കമ്പനിക്ക് നല്‍കുമെന്ന് ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഈ കരാറിലും സംസ്ഥാനത്തെ കമ്പനികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. നേരത്തെ സെക്രട്ടേറിയേറ്റില്‍ ഇ-ഫയലിങ്ങിന്റെ ഭാഗമായി കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യുപകരമായി സെക്രട്ടേറിയേറ്റ് എംപ്ലോയിസ് യൂണിയന് സമ്മേളനത്തിന് കംപ്യൂട്ടര്‍ കമ്പനിയില്‍ നിന്നും മൂവായിരത്തിലധികം ലാപ്ടോപ് ബാഗുകള്‍ നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ ഇലക്ട്രോണിക് സാധനങ്ങള്‍ ലേലം ചെയ്യാതെ വിറ്റതിലും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിലും സംശയങ്ങളുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നശിച്ച സംഭവത്തില്‍ ഹണിയെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: