തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള അനധികൃത നിയമനങ്ങളും വിവാദ കരാറുകളും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് അറിഞ്ഞിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, സ്പ്രിങ്കഌ, കെപിഎംജി തുടങ്ങി വിവാദ കണ്‍സള്‍ട്ടന്‍സികള്‍ സംസ്ഥാനത്തെത്തുമ്പോള്‍ ടോം ജോസ് ആയിരുന്നു ചീഫ് സെക്രട്ടറി.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ കൊണ്ടുവന്ന റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിക്ക് നല്‍കിയതിലും ടോം ജോസിന് നിര്‍ണായക പങ്കുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്‍സി ആയി നിയമിക്കുമ്പോഴും ടോം ജോസ് ആയിരുന്നു അധികാര സ്ഥാനത്ത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചതും ടോം ജോസ് ചീഫ് സെക്രട്ടറി ആയിരിക്കെയാണ്. കൊവിഡിന്റെ മറവില്‍ ആരോഗ്യവിവരങ്ങള്‍ സ്പ്രിങ്കഌറിന് കൈമാറാനുള്ള കരാറില്‍ ഒപ്പുവയ്ക്കുമ്പോഴും പമ്പയാറ്റിലെ മണല്‍ ക്ലെയിസ് ആന്‍ഡ് സെറാമിക് പ്രോഡക്ടിനായി കടത്താനുള്ള നീക്കം നടക്കുമ്പോഴും ഇദ്ദേഹമാണ് ചീഫ് സെക്രട്ടറി.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടത്തിയ വിദേശയാത്രകളില്‍ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ സഹായം നല്‍കിയെന്നാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയോടൊപ്പം അന്ന് ടോം ജോസുമുണ്ടായിരുന്നു. പോലീസിന് വേണ്ടി പവന്‍ഹാന്‍സില്‍ നിന്ന് ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ പോലീസിലെ അനധികൃത ഫണ്ട് ചെലവിട്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. അന്ന് ടോം ജോസിന് വാഹനം വാങ്ങി നല്കിയതും വിവാദമായിരുന്നു.
സ്പേസ് കേരളയുടെ മറവില്‍ നടന്ന നിയമനങ്ങള്‍, ഐടി ഫെലോ നിയമനം, ചീഫ് സെക്രട്ടറിയുടെ സ്പെഷ്യല്‍ സെല്‍ നിയമനം തുടങ്ങിയവയെല്ലാം നിയമവിരുദ്ധമായിരുന്നു. അതിനാല്‍, ടോം ജോസിനെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: