തിരുവനന്തപുരം: കേരളത്തിലെ കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് കേസാണ് രണ്ടായിരം കിലോയോളം സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയത്. പി എ നൗഷാദ് നേതൃത്വം നല്കിയ കള്ളക്കടത്ത് സംഘത്തിലെ സലിമില്‍ നിന്ന് 2015 മെയ് 24ന് എട്ടു കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 5 കിലോ സ്വര്‍ണവും പിടിച്ചെടുത്തതോടെയാണ് കേസ് തുടങ്ങിയത്. ദുബായില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ ജാബിന്. കെ. ബഷീര്‍ ഈ കടത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തതിനാലാണ് രണ്ടു വര്‍ഷക്കാലം സുഗമമായി കള്ളക്കടത്തു നടന്നതെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയും ചെയ്തു. കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് പ്രതികള്‍ വില പറഞ്ഞത് വലിയ വാര്‍ത്തയായി.
പ്രതികള്‍ക്കെതിരെ ചുമത്തിയ കോഫെപോസ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് ജഡ്ജിയെ വിലക്കു വാങ്ങാന്‍ ശ്രമം നടന്നത്. ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി ശങ്കരന് തന്നെയാണ് തനിക്ക് കോഴ വാഗ്ദാനം നല്‍കിയത് തുറന്നു പറഞ്ഞത്. പേരുകേട്ട ഇന്ത്യന്‍ ജുഡീഷ്യറിക്കു വിലപറയാന്‍ ഒരുമ്പെട്ടത് അത്യന്തം ഗൗരവവും കടുത്ത ശിക്ഷയ്ക്ക് അര്ഹവുമാണെങ്കിലും ഒന്നുമുണ്ടായില്ല. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ശങ്കരന് സ്വയം ഒഴിഞ്ഞതുമാത്രം മിച്ചം. പ്രതികളുടെ ആഗ്രഹവും അതുതന്നെയായിരുന്നു..
പ്രതികള്‍ക്കു വേണ്ടി എന്‍ഐഎയുടെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ഹാജരാകുന്നതും വിവാദത്തിലായി. കരുതല്‍ തടങ്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ പ്രതികളായ ജാബീര്‍.കെ.ബഷീര്‍, ഷിനോയ് കെ.തോമസ് എന്നിവര്‍ക്കു വേണ്ടിയാണ് കൗണ്‍സില്‍ എം.അജയ് ഹാജരാകാന്‍ തയ്യാറായത്. നികുതിയടക്കാതെ വന്‍തോതില്‍ സ്വര്‍ണം കടത്തുക വഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കു വേണ്ടി എന്‍ഐഎ അഭിഭാഷകന് ഹാജരാകുന്നതിലെ ധാര്‍മികത ചൂണ്ടിക്കാട്ടി കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന് കത്തയച്ചതോടെയാണ് വാര്‍ത്ത പുറത്തായത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എം.അജയിനെ എന്‍ഐഎയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചത്.
അവസാനം 1000 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ 54 പ്രതികള്‍ക്ക് 90 കോടി രൂപ പിഴയടച്ച് കേസു തീര്‍ക്കുകയായിരുന്നു കസ്റ്റംസ് . മുഖ്യപ്രതി പി.എ നൗഷാദിന് 50 കോടി രൂപ പിഴ. 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്കിയ ജാബിന് കെ ബഷീറിന് 20 കോടിയും. ഒരുപ്രതിക്ക് 10 കോടി രൂപയും മറ്റൊരാള്‍ക്ക് അഞ്ച് കോടിയും പിഴ ചുമത്തി. പ്രതികള്‍ക്കുള്ള കുറഞ്ഞ പിഴ തുകരണ്ടു ലക്ഷമാണ്. ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്വര്‍ണം പിഴയും ഡ്യൂട്ടിയും അടച്ചാല്‍ വിട്ടുകൊടുക്കാനും തീരുമാനമായി. കോഫെപോസ പ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്ന മുഴുവന്‍ പ്രതികളും പുറത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: