തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആര്‍എസ്എസ് ആക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ കഠിന ശ്രമം. ആദ്യമായിട്ടല്ല ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് അംഗത്വം സിപിഎം കൊടുക്കുന്നത്. ഞാന്‍ ആര്‍എസ്എസ് അല്ല എന്ന് മുട്ടിന് മുട്ടിന് ആണയിടുകയാണ് ചെന്നിത്തല.
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്നു പറഞ്ഞ് രമേശിന് പിന്തുണയായി ഉമ്മന്‍ ചാണ്ടിയും രംഗത്തുവന്നിട്ടുണ്ട്.
രമേശ് ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന് രാമകൃഷ്ണന് നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്ക്കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസുകാരിയായിരുന്ന രമേശിന്റെ അമ്മ ദേവകിയമ്മ തൃപ്പെരുന്തുറ പഞ്ചായത്ത് അംഗമായിരുന്നകാലത്താണ് സിപിഎം ചെന്നിത്തലയില്‍ അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നുകൊണ്ടായിരുന്നു അത്. കെഎസ്യു കളിച്ചു നടന്ന രമേശിനുനേരെയും അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍, രാമകൃഷ്ണന് സാറിന്റെ മകന് എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ ആറിയാവുന്ന ആര്‍ക്കുമറിയാം.
ഇനി രമേശ് ആര്‍എസ്എസ് ആയിരുന്നു എങ്കില്‍ വല്ലകുഴപ്പവും ഉണ്ടോ. സിപിഎമ്മില്‍ കൊടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്കാരമാണ്എന്നു പറയുന്നവരുമുണ്ട്. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന് പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു.
കൊടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതുമില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര് ശങ്കര്‍.. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്.ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. കൊല്ലത്ത് ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. താനും ശങ്കറുമൊന്നിച്ച് തിരുവനന്തപുരം റസിഡന്‍സിയില്‍ ചെന്ന് ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ചര്‍ച്ച നടത്തിയെന്നാണ് മന്നം ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്‍എസ്എസ് പ്രസിദ്ധീകരിച്ച മന്നത്തിന്റെ ‘സമ്പൂര്‍ണ കൃതികള്‍’ എന്ന ഗ്രന്ഥത്തിന്റെ 293-ാം പേജിലാണ് ഇതേക്കുറിച്ച് പറയുന്നത്.
ആര് ശങ്കറിന്റെ മകനും ഇപ്പോള്‍ കെപിസിസി അംഗവുമായ മോഹന്‍ശങ്കറും ഇടക്കാലത്ത് ബിജെപിയില്‍ ചേരുകയും സംസ്ഥാന വൈസ് പ്രസിഡന്റാകുകയും ആര്‍എസ്എസ് നേതാക്കളുമായി നല്ല ബന്ധത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്.ശങ്കറിനെയും എസ്.രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
മുന്‍ കെപിസിസി പ്രസിഡന്റ് കേരള ഗാന്ധി കെ കേളപ്പന് അവസാനകാലത്ത് ആര് എസ് എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മ്മയില്ലങ്കിലും കൊടിയേരിക്ക് അറിയാമല്ലോ
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: