ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത് 110 കൈവശാവകാശ രേഖകള്‍. ഇവ റദ്ദാക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. വ്യാജ രേഖ ചമച്ച് ഉടമസ്ഥാവകാശ രേഖ നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ല കളക്ടര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് വ്യാപക കൈയേറ്റവും അഴിമതിയുമാണ്.
റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 2018-19ല്‍ ദേവികുളത്ത് മാത്രം അനുവദിച്ചതാണ് ഇത്രയും വ്യാജ കൈവശാവകാശ രേഖകള്‍. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന്റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ പ്രസ്തുത സ്ഥലത്ത് പട്ടയം നിയമപരമായി നല്കാന് പാടില്ലാത്തതാണ്. സര്‍ക്കാര്‍ ക്വാട്ടേഴ്സിന് വരെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ദേവികുളം ന്യൂ കോളനി, കുണ്ടള ഭാഗങ്ങളിലെ പുറമ്പോക്ക് ഭൂമിയാണ് കൈവശവകാശ രേഖ അനുവദിച്ച് കൈമാറിയിരിക്കുന്നത്. ഇതില്‍ പലതിലും കെട്ടിട നിര്‍മാണം നടക്കുന്നു. സെന്റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും.
ദേവികുളത്ത് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ടി. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശ രേഖകള്‍ നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സനില്‍ കുമാറടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
അതേ സമയം പതിനഞ്ചും ഇരുപതും വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ഇപ്പോള്‍ ഈ സ്ഥലത്തുള്ളത്. ഇത്രയും നാള് താമസിച്ച് വന്നിരുന്നവരെ കുടിയിറക്കുന്നത് പല തരത്തിലുള്ള നിയമതടസങ്ങള്‍ക്കും ഇടയാക്കും. ആദ്യഘട്ടത്തില്‍ താമസക്കാരായ 13 പേരുടെ ഹിയറിങ് കളക്ടറുടെ മുമ്പാകെ നടന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ സാധിച്ചില്ല.
ബാക്കിയുള്ളവരുടെയും രേഖ പരിശോധന ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: