തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍. ഭീകരപ്രവര്‍ത്തന ബന്ധം സംശയിക്കുന്ന കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറാതെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു.
സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എന്‍ഐഎ അന്വേഷണം എത്തുമെന്ന് ഉറപ്പായി. എന്നാല്‍ അതിനു മുമ്പു തന്നെ അട്ടിമറി നീക്കം ആരംഭിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ മുറിക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി എന്‍ഐഎയ്ക്കു ലഭിച്ചാല്‍ പ്രതികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം വ്യക്തമാവും. തൊട്ടു പിന്നാലെയാണ് സിസിടിവി ക്യാമറയുടെ സ്വിച്ച് മിന്നലേറ്റു നശിച്ചതിന്റേയും അത് നന്നാക്കാന്‍ ശ്രമിക്കുന്നതിന്റേയും വിവരങ്ങള്‍ അസാധാരണ ഉത്തരവിലൂടെ പുറത്തു വന്നത്. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കത്തിനു പിന്നില്‍. ശിവശങ്കറിന്റെ ഓഫീസിലേക്കുള്ള വഴിയുടെ അടക്കം ജൂണ്‍ മാസം മുതലുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ വ്യാഴാഴ്ച ആവശ്യപ്പെട്ടത്.
എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിസിടിവി ഇടിമിന്നലില്‍ നഷ്ടപ്പെട്ടു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെത്തി അന്വേഷണം നടത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായി എന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആയിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് എന്‍ഐഎ കത്ത് നല്കി. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവിയിലേയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിലായി. സെക്രട്ടേറിയേറ്റ് പരിസരത്തെ മുഴുവന്‍ സിസിടിവിയും കേടായി എന്ന് പറഞ്ഞാല്‍ കടുത്ത സുരക്ഷാവീഴ്ചയിലേക്ക് ആകും വിരല്‍ ചൂണ്ടുക. ഇതോടെ പതിമൂന്നു ദിവസത്തെ സെക്രട്ടേറിയറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.
ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികള്‍ കേന്ദ്രീകരിച്ചാണ് നയതന്ത്രബാഗേജിലെത്തിയ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സ്വര്‍ണം വാങ്ങാനെത്തിയ ജലാലും റമീസും സമീപത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്തതും ഇതേ ദിവസങ്ങളിലാണ്. മാത്രമല്ല പ്രതികള്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതികള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: