തിരുവനന്തപുരം: കീം പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് രോഗം വ്യാപിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് സര്‍വ കക്ഷിയോഗത്തില്‍ ബിജെപി. രക്ഷിതാക്കളുടെ പേരില്‍ കേസ് എടുത്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് സര്‍വ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പിസിആര്‍ പരിശോധനകള്‍ വ്യാപകമാക്കണമെന്ന് സര്‍വ കക്ഷിയോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു.ആന്റിജന്‍ പരിശോധനയില്‍ 60 ശതമാനം മാത്രം കൃത്യതയാണ് പറയുന്നത്. അതിനാല്‍ പിസിആര്‍ പരിശോധനയാണ് നടപ്പാക്കേണ്ടത്. ജൂലായ് 27ന് മുമ്പ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലടക്കം പിസിആര്‍ പരിശോധനാ സംവിധാനം സജ്ജമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ നടപടിയിലേക്കെത്തിയിട്ടില്ലെന്നും ജോര്‍ജ് കുര്യന് യോഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. പട്ടിണിമരണങ്ങളിലേയ്ക്ക് വഴിവെയ്ക്കുമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുളളറ്റിന്‍ ഇറക്കണം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ രോഗവിവരം അറിയാന്‍ കാത്തിരിക്കുന്നത് അപകടകരമാണ്. സമയം വൈകല്‍ രോഗം വ്യാപനം വര്‍ദ്ധിപ്പിക്കും. ഇപ്പോള്‍ പിസിആര്‍ പരിശോധന ഫലം വരാന്‍ വൈകുന്നുണ്ട്. ഇതും സ്ഥിതി ഗുരുതരമാക്കുമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മറ്റു സ്ഥലങ്ങളില്‍ പഠിച്ച് കേരളത്തിലേക്ക് വരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യം വേഗത്തില്‍ സൃഷ്ടിക്കണമെന്നും ജോര്‍ജ് കുര്യന് യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: