കണക്കെത്തുമ്പോള്‍ മയ്യനാടിന് ശ്വാസംമുട്ടല്‍; ആക്കോലില്ഭാഗത്ത് കരുതലൊഴിഞ്ഞ് നാട്ടുകാര്‍
കൊട്ടിയം: ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ കണക്ക് പുറത്തുവരുമ്പോള്‍ സ്ഥലനാമത്തില്‍ ഉണ്ടാകുന്ന അപാകം മയ്യനാട്ടുകാര്‍ക്ക് തലവേദനയാകുന്നു. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും പുറത്തിറക്കുന്ന പട്ടികയിലാണ് തെറ്റ് ആവര്‍ത്തിക്കുന്നത്.
മയ്യനാട് പഞ്ചായത്തിന്റെ സമീപപ്രദേശങ്ങളും കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷനുകളുമായ വാളത്തുംഗല്‍, ആക്കോലില്‍ എന്നിവിടങ്ങളിലെ രോഗികളുടെ വിവരത്തിനൊപ്പമാണ് മയ്യനാട് എന്ന് ചേര്‍ക്കുന്നത്. തുടര്‍ച്ചയായി ഇങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് മയ്യനാട്ട് സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ചുവരുന്നതായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ആക്കോലില്‍ സുരക്ഷാനടപടി പാളുന്നതിനിടയാക്കുന്നു.
ആക്കോലില്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ 16 പേര്‍ക്ക് വൈറസ് ബാധയും ഒരാള്‍ മരിക്കുകയും ചെയ്തു. ദിവസേന കോവിഡ് ബാധിതരുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിലെ പിഴവുകാരണം ആക്കോലില്‍ ജനങ്ങളുടെ കരുതലും കുറയുന്നു. ഇത് രോഗവ്യാപനത്തിനും ഇടയാക്കുന്നു. അതേസമയം മയ്യനാട്ട് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നെന്ന റിപ്പോര്‍ട്ടുകള്‍ മയ്യനാട്ടുകാരെ ഏറെ വലയ്ക്കുന്നു. മയ്യനാട്ടുകാരെ ഭീതിയോടെയാണ് മറ്റുള്ളവര്‍ കാണുന്നതെന്ന് പഞ്ചായത്തംഗം ലീന ലോറന്‍സ് പറയുന്നു. ചിലയിടങ്ങളില്‍ പ്രവേശനം നിഷേധിച്ചതായും ഇവര്‍ക്ക് പരാതിയുണ്ട്. മയ്യനാട് കണ്ടൈന്‍മെന്റ് സോണാണ്. 23 വാര്‍ഡുകളും നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്നു. കൊട്ടിയം ജംഗ്ഷനില്‍ ഒരു ഭാഗം അടച്ചിട്ടിരിക്കുമ്പോള്‍ മറുവശത്ത് കടകമ്പോളങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: